വിളപ്പില്‍: പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ചറിയാനും ഇളം കാറ്റിന്റെ തലോടലേല്‍ക്കാനും കൊതിക്കുന്നവര്‍ ഒഴുകിയെത്തുന്ന ഗ്രാമീണ ടൂറിസം കേന്ദ്രമാണ് ശാസ്താംപാറ. ആകാശം മുട്ടിനില്‍ക്കുന്ന കരിമ്പാറകൂട്ടങ്ങള്‍, പാറയ്‌ക്ക് മുകളില്‍ ഒരിക്കലും വറ്റാത്ത ചെറിയ കുളം, ശാസ്താക്ഷേത്രം, കല്‍മണ്ഡപങ്ങള്‍ തുടങ്ങിയവയെല്ലാം ശാസ്താംപാറയിലുണ്ട്. ശാസ്താംപാറയുടെ നെറുകയില്‍ നിന്നാല്‍ നഗരക്കാഴ്ചകള്‍ ആസ്വദിക്കാനാകും. മാത്രവുമല്ല സമീപത്തെ കടുമ്പു മലനിരകളുടെ വശ്യത ആസ്വദിക്കുകയും അഗസ്ത്യ വനമേഖലയില്‍ നിന്നെത്തുന്ന ഔഷധ കാറ്റേറ്റ് മനസും ശരീരവും കുളിര്‍പ്പിക്കുകയുമാവാം. ഇതൊക്കെയാണെങ്കിലും ശാസ്താംപാറ ഇന്ന് പരാധീനതകളുടെ നടുവിലാണ്.
പത്തുവര്‍ഷം മുമ്പ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചാണ് ശാസ്താംപാറയ്‌ക്ക് ഗ്രാമീണ ടൂറിസം ഭൂപടത്തില്‍ ഇടം നല്‍കിയത്. കുട്ടികളുടെ പാര്‍ക്കും ക്യാന്റീനും മണിമണ്ഡപങ്ങളും കല്‍പ്പടവുകളും ഒരുക്കി ശാസ്താംപാറ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം കെങ്കേമമാക്കി. പിന്നീട് ഇവിടേക്ക് ആരും തിരിഞ്ഞുനോക്കാതെയായി. ഇപ്പോള്‍ ശാസ്താംപാറയെ വിനോദസഞ്ചാര വകുപ്പ് കൈയൊഴിഞ്ഞ മട്ടാണ്. ശാസ്താംപാറയെയും സമീപമുള്ള കടുമ്പു പാറയെയും ബന്ധിപ്പിച്ച് റോപ്പ് വേ സംവിധാനം, നെയ്യാര്‍ ഡാമിലേക്കുള്ള സഞ്ചാരികളുടെ ഇടത്താവളമാക്കാന്‍ ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കല്‍ തുടങ്ങി നിരവധി സ്വപനങ്ങളാണ് ഈ ചരിത്രമുറങ്ങുന്ന പാറയ്‌ക്ക് പങ്കുവയ്‌ക്കാനുള്ളത്.
ശാസ്താംപാറയിലേക്ക് നാലുദിക്കില്‍നിന്നും റോഡുകള്‍ ഉണ്ടെങ്കിലും ഒന്നുപോലും സഞ്ചാരയോഗ്യമല്ല. ശാസ്താംപാറയുടെ സൗന്ദര്യം ആസ്വദിക്കാന്‍ മോഹിക്കുന്ന സഞ്ചാരികളെ പിന്തിരിപ്പിക്കുന്ന പ്രധാന ഘടകവും പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയും നിറഞ്ഞ ഈ ദുര്‍ഘട പാത തന്നെ. വിളപ്പില്‍ പഞ്ചായത്തിലെ കരുവിലാഞ്ചി വാര്‍ഡിലെ ശാസ്താംപാറ ടൂറിസം കേന്ദ്രത്തിന്റെ നിയന്ത്രണം റൂറല്‍ ടൂറിസം വകുപ്പിനായതിനാല്‍ ശാസ്താംപാറയുടെ നവീകരണത്തിന് പഞ്ചായത്തും മുന്‍കൈ എടുക്കുന്നില്ല.
















