പാനൂര്‍: വളളങ്ങാട് കിഴക്കെമൊകേരിയില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ വീട്ടുമതിലിനു ബോംബെറിഞ്ഞ സംഭവത്തില്‍ ദുരൂഹത. സിപിഎം-കോണ്‍ഗ്രസ് ഗൂഢാലോചനയെന്ന് ബിജെപി. ഞായറാഴ്ച രാത്രി 9മണിയോടെയാണ് കക്കുളങ്ങര ദാസന്റെ വീട്ടുമതിലിനു അജ്ഞാതസംഘം ബോംബെറിഞ്ഞത്. സ്‌ഫോടനം നടന്ന് നിമിഷങ്ങള്‍ക്കുളളില്‍ പാനൂര്‍ ലക്ഷംവീട്ടിലെ ക്രിമിനല്‍നേതാവും സംഘവും സായുധരായി സംഭവസ്ഥലത്തെത്തി. ബിജെപി പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സ്ഥാപിച്ചെടുക്കാന്‍ ഇരുവരും കൈകോര്‍ക്കുന്നതായിരുന്നു പിന്നീട് കണ്ടത്. അന്വേഷണം നടക്കും മുന്‍പ് മുന്‍വിധിയോടെ ബിജെപിയുടെ മേല്‍ കുറ്റംചുമത്താനായിരുന്നു സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഹീനശ്രമം. തെരഞ്ഞെടുപ്പില്‍ ഈ പ്രദേശത്തെ ബൂത്തില്‍ നൂറിലേറെ വോട്ടുകള്‍ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിനു ലഭിച്ചിരുന്നു. കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം വോട്ടു മറിച്ചു നല്‍കുകയായിരുന്നു. വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ.ശൈലജക്ക് സ്വീകരണം സംഘടിപ്പിച്ചപ്പോള്‍ മുന്‍നിരയില്‍ കോണ്‍ഗ്രസുകാര്‍ അണിനിരക്കുകയും ചെയ്തിരുന്നു. രണ്ടു കോണ്‍ഗ്രസ് നേതാക്കളാണ് പണം വാങ്ങി വോട്ടു മറിച്ചതെന്ന ആരോപണം ശക്തമായ സമയത്താണ് വീടിനു നേരെ ബോംബേറ് നടന്നിരിക്കുന്നത്. ഇതു ദുരൂഹമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് കുത്തകയായി വെച്ചിരുന്ന ഒന്‍പതാം വാര്‍ഡില്‍ ബിജെപി വിജയിച്ചിരുന്നു. ഇതിനു ശേഷമാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസ്-സിപിഎം അച്ചുതണ്ട് പ്രബലമായത്. സിപിഎം ജില്ലാകമ്മറ്റിയംഗം പി.ഹരീന്ദ്രന്‍, ഏരിയാസെക്രട്ടറി കെ.കെ.പവിത്രന്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കണമെന്ന് വീടുകയറി പരസ്യമായി പറഞ്ഞ കോണ്‍ഗ്രസ് നേതൃത്വത്തെ കാണാന്‍ സംഭവസ്ഥലത്ത് കെപി.മോഹനനുമെത്തിയത് കൗതുകമായി. കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ നടന്ന ബോംബേറിനെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് ബിജെപി മൊകേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.പ്രസാദ് ആവശ്യപ്പെട്ടു. ബോബേറുമായി സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് യാതൊരുവിധ ബന്ധവുമില്ല. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം.കിഴക്കെമൊകേരിയില്‍ സിപിഎം-കോണ്‍ഗ്രസ് ബംഗാള്‍ മോഡല്‍ സഖ്യമാണ് നടക്കുന്നതെന്ന് കെ.പ്രസാദ് പരിഹസിച്ചു.
















