ചേലേരി: കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട കാരാട്ട് വയല്‍ കുളം നവീകരിക്കുന്നു. 70 വര്‍ഷത്തോളം പഴക്കമുള്ളതാണ് കുളം. കേരളസംസ്ഥാന പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ സഹായത്തോടെ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുളം നവീകരിക്കുന്നത്. കൂടാതെ കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ അമൃതകലശം പദ്ധതിയിലും കുളം നവീകരണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാരാട്ട് വയല്‍ കുളം നവീകരണ കമ്മറ്റിയുടെ നേതൃത്വത്തിലാണ് നവീകരണ പരിപാടി നടക്കുന്നത്. മൂന്നരലക്ഷം രൂപയാണ് നവീകരണത്തിനായി അനുവദിച്ചിരിക്കുന്നത്. തുക പരിമിതമാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
കാര്‍ഷിക ജലസേചന സൗകര്യത്തോടൊപ്പം നീന്തല്‍ പരിശീലനത്തിനും ഉതകുന്ന വിധത്തിലാണ് കുളം നവീകരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ തുക ലഭ്യമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അഞ്ചേക്കറിലധികം സ്ഥലത്ത് കൃഷി ചെയ്യുന്നതിന് ജലസേചനപ്രവൃത്തി നടത്താനുളള വ്യാപ്തി കുളത്തിനുണ്ട്. ഏത് കൊടുംവേനലിലും വറ്റാത്ത ജലസ്രോതസ്സായ കുളത്തിലെ വെള്ളം ഉപയോഗിച്ച് നെല്ല്, പച്ചക്കറികള്‍, വാഴ, മധുരക്കിഴങ്ങ് തുടങ്ങിയവ കൃഷി ചെയ്തു വരുന്നുണ്ട്. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരിക്കൂര്‍ ബ്ലോക്കിന്റെ സഹായത്തോടെ ഉരുളന്‍ കല്ലുകള്‍ ഉപയോഗിച്ച് പാര്‍ശ്വഭാഗങ്ങള്‍ കെട്ടി സംരക്ഷിച്ചിരുന്നു. തുടര്‍ന്ന് ചുറ്റുമതിലും നിര്‍മ്മിച്ചിരുന്നു.
നവീകരണ പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയില്‍ ചെളിയും മണ്ണും നീക്കം ചെയ്ത് ആഴം കൂട്ടി ചെങ്കല്ല് ഉപയോഗിച്ച് കെട്ടുന്ന പണി നടന്നുവരികയാണ്. തുടര്‍ന്ന് പ്ലാറ്റ്‌ഫോം നവീകരിച്ച് പുതിയ ചുറ്റുമതില്‍ കെട്ടുകയും ചെയ്യും. നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയായാല്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നടത്താനുള്ള സൗകര്യവുമുണ്ടാകും.
















