കണ്ണൂര്‍ : മണ്ണിനെ നശിപ്പിക്കാതെ മണ്ണോടു ചേര്‍ന്നു പോകുന്ന പൈതൃക സംരക്ഷണം വിദ്യാര്‍ത്ഥികളുടെ കടമയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ പ്രസ്താവിച്ചു. അസാപിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആരംഭിച്ച പൈതൃകം പദ്ധതി ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്ലാസ്റ്റിക്കിനെതിരായി നമ്മള്‍ വെറുതെ സംസാരിച്ചത് കൊണ്ടായില്ല. നമ്മുടെ അയല്‍പക്കത്തും സമൂഹത്തിലും ഭൂമിയുടെ നിലനില്‍പ്പിന്റെ സന്ദേശം എത്തിക്കണം. ഇനി വരുന്ന തലമുറക്കും സമാധാനത്തിലും സുരക്ഷിതവുമായി ഇവിടെ വാസയോഗ്യമാകണമെന്നും മന്ത്രി പറഞ്ഞു.
ചേംബര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. പൈതൃകം പദ്ധതി ജില്ലയിലെ എല്ലാ വിഭാഗങ്ങളിലും പ്രകൃതി സംരക്ഷണത്തിന്റെ അവബോധം ഉണ്ടാക്കാന്‍ ഉപകരിക്കട്ടെ എന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെവി സുമേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍, മസ്‌കറ്റ് പാരഡൈസ് എംഡി സി.ജയചന്ദ്രന്‍, കോളേജ് ഓഫ് കൊമേഴ്‌സ് എംഡി സി.അനില്‍കുമാര്‍, പോസിറ്റീവ് കമ്മ്യൂണ്‍ ചീഫ് മെന്റര്‍ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ സ്മിതാ സുകുമാരന്‍ സ്വാഗതവും ശന്തനു പ്രദീപ് നന്ദിയും പറഞ്ഞു.
















