തുമ്പയില്‍ ബോംബ് സ്‌ഫോടന കേസില്‍ അറസ്റ്റിലായ പ്രതികള്‍
കിന്‍ഫ്രയ്‌ക്ക് സമീപം ബുധനാഴ്ച രാത്രി ബോംബ് നിര്‍മ്മാണത്തിനിടയില്‍ പൊട്ടിത്തെറിച്ച് യുവാവിന്റെ ഇരുകൈകളും നഷ്ടപ്പെട്ട സംഭവത്തില്‍ ഇതിനായി കരാര്‍ നല്‍കിയ അഞ്ചുപേര്‍ പിടിയില്‍. കഠിനംകുളം പുതുക്കുറിച്ചി തെരുവില്‍ തൈവിളാകം വീട്ടില്‍ വിന്‍സെന്റ് വര്‍ഗ്ഗീസ്(26), മര്യനാാട് പുതുക്കുറിച്ചി സ്വദേശികളായ ജെയിംസ്(26), റോഷ്നി കോട്ടേജില്‍ മാര്‍ഷല്‍(25), തെരുവില്‍ തൈവിളാകം വീട്ടില്‍ വിമല്‍(31), പൗണ്ട്കടവ് ആമിന മന്‍സിലില്‍ അമീര്‍(26) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് പിടികൂടിയത്.
ചൊവ്വാഴ്ച രാത്രി കഠിനംകുളത്ത് ഉണ്ടായആക്രമങ്ങളുടെ തുടര്‍ച്ചയായാണ് ബോംബേറിന് ഇവര്‍ പദ്ധതി തയാറാക്കിയത്. നിരവധി കേസുകളിലെ പ്രതിയായ ഒരാളുമായി ബാറില്‍ വച്ച് സംഘം ഏറ്റുമുട്ടി. വീട്ടിലെത്തിയസംഘം തിരികെപ്പോയി ഗുണ്ടയുടെ വീടിന് സമീപം വീണ്ടും ആക്രമണം നടത്തി. അതിനുശേഷം ഗുണ്ടയെ വകവരുത്താനാണ് ഇവര്‍ ബോംബെറിയാന്‍ പദ്ധതി തയാറാക്കിയത്. ഇതിനായി കിന്‍ഫ്രയ്‌ക്ക് സമീപം പുതുവല്‍ പുത്തന്‍പുരയിടം എസ്.എസ്.കോട്ടേജില്‍ ഷിജു(26)വിനെ സമീപിക്കുകയായിരുന്നു.
തുമ്പ ബിഎസ്എന്‍എല്‍ ഓഫീസിന് സമീപത്തെ കനാല്‍ പുറമ്പോക്കില്‍ വച്ച് ബോംബു നിര്‍മ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഷിജുവിന്റെ ഇരു കൈപ്പത്തികളും തകര്‍ന്നു. വലതു കൈ മെഡിക്കല്‍ കോളേജില്‍ വച്ച് ഭാഗീകമായി മുറിച്ചുമാറ്റി. ഷിജുവിനെ ആശുപത്രിയിലെത്തിച്ച് മുങ്ങിയ പ്രതികളെ തുമ്പ, കഠിനംകുളം ഭാഗങ്ങളില്‍ നിന്ന് കഴക്കൂട്ടം സൈബര്‍സിറ്റി എ.സി അനില്‍കുമാര്‍, കഴക്കൂട്ടം സി.ഐ ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയുമായി പിടികൂടുകയായിരുന്നു.
ബോംബു നിര്‍മ്മിക്കാനുപയോഗിച്ച രാസവസ്തുക്കളും മറ്റുപകരണങ്ങളും പോലീസ് സംഭവസ്ഥനത്ത് നിന്നു കണ്ടെടുത്തു. ഫോറന്‍സിക് വിഭാഗം ജോയിന്റ് ഡയറക്ടര്‍ സോമരാജന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി തെളിവു ശേഖരിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍, ഡിസിപി ശിവവിക്രം എന്നിവരും പരിശോധന നടത്തി.
















