സിറിയ: ഭാരതത്തില്‍ ആക്രമണം അഴിച്ചുവിടാനും ഇവിടെ നിന്നുള്ള റിക്രൂട്ട്‌മെന്റ് ശക്തമാക്കാനും അന്താരാഷ്‌ട്ര ഭീകരസംഘടനയായ ഐഎസ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി മുംബൈ കല്യാണ്‍ സ്വദേശി ഫഹദ് തന്‍വീര്‍ ഷെയ്ഖിനെ ഉപഖലീഫയായി( നയീബ് ഖലീഫ) നിയമിച്ചു. ഇയാളുടെ പേര് അബുബക്കര്‍ അല്‍ ഹിന്ദ് എന്നാക്കിയിട്ടുണ്ട്.
ഭാരതത്തിനെതിരായ ദൗത്യത്തിന്റെ ചുമതല ഇയാള്‍ക്കാണ്. കല്യാണില്‍ നിന്നുള്ള രണ്ടമത്തെ ഭീകരനായ അമന്‍ നയീം തണ്ടേലിനെ ഭാരതവും പാക്കിസ്ഥാനും ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ ഗവര്‍ണ്ണറാക്കി. പേര് അബു ഉമര്‍ അല്‍ ഹിന്ദ് എന്നു മാറ്റി.
22 മിനിറ്റ് നീളുന്ന വീഡിയോയും അവര്‍ പുറത്തിറക്കി. ഇസ്ലാമിക വേഷം ധരിച്ച അമന്‍ താന്‍ വാളുമായി ഭാരതത്തിലേക്ക് മടങ്ങിവരുമെന്നും ഗുജറാത്തിലും മുസാഫര്‍നഗറിലും ജമ്മുകശ്മീരിലും മുസ്ലീങ്ങളെ കൊല്ലുന്നതിന് പ്രതികാരം വീട്ടുമെന്നും പ്രഖ്യാപിക്കുന്നത് വീഡിയോയില്‍ കാണാം.
ഐഎസിനൊപ്പം നിലകൊണ്ടതിന് സമ്മാനമായാണ് പ്രമോഷനെന്ന് ദേശീയ അന്വേഷണ ഏജന്‍സി പറയുന്നു. ഇവര്‍ക്ക് ഒപ്പം മുന്‍പ് സിറിയക്കു പോയ ആരീഫ് മജീദ് മടങ്ങിയെത്തി എന്‍ഐഎയുടെ പിടിയില്‍ ആയിരുന്നു. ഇവര്‍ക്ക് ഒപ്പം പോയ ഷഹീം ടാങ്കി റാഖയിലെ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.ഭാരതത്തെ നേരിട്ട് ലക്ഷ്യമിട്ട് ഇതാദ്യമായാണ് ഐഎസ് ഇത്തരമൊരു വീഡിയോ പുറത്തുവിടുന്നത്.
















