ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തുനിന്ന് ലൂയി വാന്‍ ഗാലിനെ ക്ലബ് പുറത്താക്കി. എഫ്എ കപ്പ് കിരീടം നേടി രണ്ടാം ദിവസം വാന്‍ ഗാലിന്റെ വിധിയെഴുതി ക്ലബ് അധികൃതര്‍. ചെല്‍സിയുടെ മുന്‍ പരിശീലകന്‍ ഹോസെ മൗറീഞ്ഞൊ പകരക്കാരന്‍.
രണ്ടാം പരിശീലകന്‍ ആല്‍ബര്‍ട്ട് സ്റ്റുവിന്‍ബെര്‍ഗ്, ഗോള്‍കീപ്പിങ് പരിശീലകന്‍ ഫ്രാന്‍സ് ഹൊയ്‌ക്ക് എന്നിവരെയും ക്ലബ് പുറത്താക്കി. പ്രീമിയര്‍ ലീഗിലെ മോശം പ്രകടനമാണ് വാന്‍ ഗാലിന് തിരിച്ചടിയായത്. ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ പോലും ടീമിനായില്ല. ഇതോടെ, തുടരെ രണ്ടാം വര്‍ഷവും യൂറോപ്പിലെ ചാമ്പ്യന്‍ പോരാട്ടത്തില്‍ യുണൈറ്റഡ് പടിക്കു പുറത്താകും.
പ്രീമിയര്‍ ലീഗിലെ തുടര്‍ തോല്‍വികളെത്തുടര്‍ന്ന് ഈ സീസണില്‍ ഇടയ്‌ക്കു വച്ച് ചെല്‍സി പുറത്താക്കിയ പരിശീലകനാണ് ഹോസെ മൗറീഞ്ഞൊ. അതിനു ശേഷം മറ്റു ടീമുകളുമായൊന്നും കരാറിലേര്‍പ്പെട്ടില്ല ഇദ്ദേഹം. റയല്‍ മാഡ്രിഡ്, എസി മിലാന്‍, എഫ്‌സി പോര്‍ട്ടോ തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട് മൗറീഞ്ഞൊ. അതേസമയം, മാഞ്ചസ്റ്റര്‍ താരങ്ങള്‍ക്ക് വാന്‍ ഗാല്‍ തുടരണമെന്ന് അഭിപ്രായമുണ്ടായിരുന്നുവെന്നു റിപ്പോര്‍ട്ടുകള്‍. പല താരങ്ങള്‍ക്കും മൗറീഞ്ഞൊയേക്കാള്‍ താത്പര്യം വാന്‍ ഗാലിനോടെന്നും താരങ്ങളുമായി അടുത്തവൃത്തങ്ങള്‍.
















