ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കലാശപെരുക്കത്തിന് ഇനി ദിവസങ്ങള്‍ മാത്രം. ഇന്ന് ആദ്യ ക്വാളിഫയറില്‍ കന്നിക്കാരായ ഗുജറാത്ത് ലയണ്‍സ് രണ്ടാം ഫൈനല്‍ ലക്ഷ്യമിടുന്ന റോയല്‍ ചലഞ്ചേ്‌സ് ബാംഗ്ലൂരിനെ നേരിടും. ജയിക്കുന്ന ടീമിന് ഫൈനല്‍. തോറ്റാലും ഒരവസരം കൂടി. നാളത്തെ എലിമിനേറ്ററില്‍ മുഖാമുഖം വരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-കൊല്‍ക്കത്തനൈറ്റ്‌റൈഡേഴ്‌സ് മത്സര വിജയികളെ രണ്ടാം ക്വാളിഫയറില്‍ നേരിടാം.
പതിനാല് കളികളില്‍ ഒമ്പത് ജയവുമായി 18 പോയിന്റോടെ ഒന്നാമന്മാരായാണ് ഗുജറാത്ത് ലയണ്‍സ് ആദ്യ ക്വാളിഫയറിനെത്തുന്നത്. റോയല്‍ ചലഞ്ചേഴ്‌സാകട്ടെ ഞായറാഴ്ച രാത്രി നടന്ന രണ്ടാം മത്സരത്തില്‍ ദല്‍ഹി ഡെയര്‍ഡെവിള്‍സിനെ ആറു വിക്കറ്റിന് കീഴടക്കിയാണ് മുന്നേറിയത്. ബാംഗ്ലൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത ടീമുകള്‍ക്ക് 16 പോയിന്റ് വീതമെങ്കിലും റണ്‍റേറ്റില്‍ എതിരാളികളേക്കാള്‍ ഏറെ മുന്നിലുള്ള ബാംഗ്ലൂര്‍ രണ്ടാം സ്ഥാനം നേടി. ഹൈദരാബാദ് നേരത്തെ നോക്കൗട്ട് ഉറപ്പിച്ചിരുന്നുവെങ്കിലും അവസാന കളിയില്‍ കൊല്‍ക്കത്തയോട് തോറ്റു. ഈ ജയം കൊല്‍ക്കത്തയ്‌ക്ക് മുന്നോട്ടുള്ള വഴിയുമൊരുക്കി.
ജയിച്ചിരുന്നുവെങ്കില്‍ ഹൈദരാബാദിന് ആദ്യ ക്വാളിഫയറിന് അവസരമൊരുങ്ങുമായിരുന്നു.
ഇന്ന് ലയണ്‍സും റോയല്‍ ചലഞ്ചേഴ്‌സും മുഖാമുഖമെത്തുമ്പോള്‍ ബാറ്റിങ് കരുത്തിലാണ് ഇരു ടീമുകള്‍ക്കും പ്രതീക്ഷ. എന്നാല്‍, ബൗളിങ്ങില്‍ ഗുജറാത്തിന് നേരിയ മുന്‍തൂക്കം. ആരോണ്‍ ഫിഞ്ച്, ബ്രെണ്ടന്‍ മക്കല്ലം, നായകന്‍ സുരേഷ് റെയ്‌ന, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്, ഡ്വെയ്ന്‍ സ്മിത്ത്, ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ എന്നിവരുടെ ബാറ്റിങ് കരുത്ത് ലയണ്‍സിന്റെ ആത്മവിശ്വാസം. പ്രവീണ്‍ കുമാറും ധവാല്‍ കുല്‍ക്കര്‍ണിയും ഷദബ് ജക്കാത്തിയും ബൗളിങ്ങില്‍ ടീമിന് മുന്‍തൂക്കം സമ്മാനിക്കുന്നു. ഇവര്‍ക്കൊപ്പം മാച്ച് വിന്നര്‍മാരായ ബ്രാവൊയും ജഡേജയും ചേരും. പാര്‍ട് ടൈം ബൗളറായ ഡ്വെയ്ന്‍ സ്മിത്തും ടീമിനെ ജയിപ്പിക്കാന്‍ പോന്ന പ്രകടനം നടത്തിയിട്ടുണ്ട്.
നായകന്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ കുതിപ്പിനു പിന്നില്‍. വിരാടിനൊപ്പം ദക്ഷിണാഫ്രിക്കന്‍ താരം എ.ബി. ഡിവില്ലേഴ്‌സും ചേരുമ്പോള്‍ കരുത്തേറും. ടൂര്‍ണമെന്റില്‍ റണ്ണേറെ വാരിക്കൂട്ടിയാണ് ഇവരുടെ മുന്നേറ്റം. നാലു സെഞ്ചുറി വിരാടിന്റെ പേരിലുണ്ട്. അവസാന കളിയില്‍ ദല്‍ഹിയെ കീഴടക്കാന്‍ തുണയായതും വിരാടിന്റെ പ്രകടനം. ദല്‍ഹിയുടെ 138 റണ്‍സിനെതിരെ അര്‍ധസെഞ്ചുറി പ്രകടനവുമായി വിരാട് (54 നോട്ടൗട്ട്) മുന്നില്‍നിന്ന് നയിച്ചപ്പോള്‍ പതിനൊന്ന് പന്ത് ബാക്കി നില്‍ക്കെ ബാംഗ്ലൂര്‍ ജയം കണ്ടു.
ക്രിസ് ഗെയ്ല്‍, ഷെയ്ന്‍ വാട്‌സണ്‍, കെ.എല്‍. രാഹുല്‍, സ്റ്റുവര്‍ട്ട് ബിന്നി, മലയാളി താരം സച്ചിന്‍ ബേബി തുടങ്ങിയവരും ബാറ്റിങ്ങില്‍ വേണ്ടപ്പോള്‍ ടീമിന് തുണയാകുന്നു. പലപ്പോഴും അവസാന ഓവറുകളില്‍ ഇവരുടെ പ്രകടനം നിര്‍ണായകം. 919 റണ്‍സ് നേടിയ വിരാടാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. 603 റണ്ണുമായി ഡിവില്ലേഴ്‌സ് മൂന്നാമതുണ്ട്. ഷെയന്‍ വാട്‌സണ്‍, സ്റ്റുവര്‍ട്ട് ബിന്നി, ക്രിസ് ജോര്‍ദന്‍, യുസ്‌വേന്ദ്ര ചഹല്‍, ഇഖ്ബാല്‍ അബ്ദുള്ള, ശ്രീനാഥ് അരവിന്ദ്, പാര്‍ട്ട് ടൈം ബൗളറായി ക്രിസ് ഗെയ്ല്‍ എന്നിവരൊക്കെയുണ്ടെങ്കിലും വേണ്ടപോലെ ഫലിക്കുന്നില്ല ബാംഗ്ലൂരിന്റെ ബൗളിങ്. എന്നാല്‍, അതിനെ ബാറ്റിങ് കരുത്തുകൊണ്ട് മറികടക്കാമെന്നാണ് ബാംഗ്ലൂര്‍ കണക്കുകൂട്ടുന്നത്.
















