ന്യൂദല്‍ഹി: മുന്‍ ദല്‍ഹി പോലീസ് കമ്മീഷണറും ബിജെപി നേതാവുമായ കിരണ്‍ ബേദിയെ പോണ്ടിച്ചേരി ലഫ്. ഗവര്‍ണ്ണറായി നിയമിച്ചു. കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച രാഷ്‌ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയാണ് ഉത്തരവിറത്തിറക്കിയത്.
നിയമസഭാ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് പോണ്ടിച്ചേരിയില്‍ പുതിയ ലഫ്. ഗവര്‍ണ്ണറെ നിയമിച്ചിരിക്കുന്നത്. ദല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു കിരണ്‍ ബേദി. ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്. ഗവര്‍ണ്ണറായിരുന്ന ജനറല്‍ എ.കെ. സിങ്ങിന് പോണ്ടിച്ചേരിയുടെ അധിക ചുമതല നല്‍കിയിരിക്കുകയായിരുന്നു.
പോണ്ടിച്ചേരിയില്‍ മികച്ച ഭരണം കാഴ്ച വെയ്‌ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കിരണ്‍ ബേദി പറഞ്ഞു. കേന്ദ്രഭരണ പ്രദേശമായതിനാല്‍ കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കിരണ്‍ ബേദി പറഞ്ഞു.
രാജ്യത്തെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ കിരണ്‍ ബേദി കഴിഞ്ഞ ജനുവരിയിലാണ് ബിജെപി അംഗമായത്. കഴിഞ്ഞ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു.
















