നൈനിറ്റാള്‍: വിമത പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ വീഴാതിരിയ്‌ക്കാന്‍ എംഎല്‍എമാര്‍ക്ക് കോഴപ്പണം നല്‍കിയ കേസില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിന് സിബിഐ നോട്ടീസ്. കോഴകൊടുക്കുന്നതും വാഗ്ദാനം ചെയ്യുന്നതും ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നതിനെ തുടര്‍ന്ന് റാവത്തിനെതിരേ കേസെടുത്തിരുന്നു. ഈ കേസില്‍ ചോദ്യം ചെയ്യാന്‍ റാവത്ത് ചൊവ്വാഴ്ച സിബിഐയ്‌ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് നോട്ടീസ്.
കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് സിബിഐയ്‌ക്ക് മുന്നില്‍ വച്ച അഭ്യര്‍ത്ഥന സിബിഐ തളളിയിരുന്നു. നിയമോപദേശം തേടിയ ശേഷമായിരുന്നു നടപടി. ആവശ്യം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
സര്‍ക്കാരിനെ നിലനിര്‍ത്താന്‍ വേണ്ടി രാഷ്‌ട്രീയ കുതിരക്കച്ചവടം നടന്നതായി തന്നെയാണ് സിബിഐയുടെ കണ്ടെത്തല്‍.
ഈമാസം ഒമ്പതിന് ഹാജരാകാന്‍ നേരത്തെ റാവത്തിനോട് സിബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം കൂടുതല്‍ സമയം തേടുകയായിരുന്നു.
ആരോപണങ്ങള്‍ വ്യാജമാണെന്നാണ് റാവത്തിന്റെ വിശദീകരണം. കൈക്കൂലി നല്‍കി എംഎല്‍എമാരെ വശത്താക്കുന്നതായി പുറത്ത് വന്നിട്ടുളള ദൃശ്യങ്ങള്‍ വിമത കോണ്‍ഗ്രസുകാര്‍ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഒളിക്യാമറ ദൃശ്യങ്ങളെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇത് സംസ്ഥാന വിഷയമായതിനാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴാണ് കേസ് സിബിഐ ഏറ്റെടുത്തത്.
















