മുംബൈ: മഹാരാഷ്‌ട്ര റവന്യൂമന്ത്രി ഏകനാഥ് ഖട്‌സെ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെ ഫോണില്‍ വിളിക്കുകയോ ദാവൂദ് തിരിച്ച് വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. ആം ആദ്മി നേതാവ് പ്രീതി ശര്‍മ്മ മേനോന്‍ ആണ് ഇത്തരമൊരു ആരോപണം ഉയര്‍ത്തിയത്.
മന്ത്രിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ആരോപിക്കപ്പെട്ടതുപോലെ ഒരു ഫോണ്‍ സംഭാഷണം ഉണ്ടായിട്ടില്ലെന്ന് വ്യക്തമായാതായി പോലീസ് പറഞ്ഞു. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെയുളള കോള്‍ രേഖകളാണ് പരിശോധിച്ചതെന്നും മുംബൈ ജോയിന്റ് കമ്മീഷണര്‍ അതുല്‍ ചന്ദ്രകുല്‍ക്കര്‍ണി പറഞ്ഞു.
ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ മെഹ്ജാബീന്‍ ഷെയ്ഖിന്റെ നമ്പരായ 021 35871639 ല്‍ നിന്ന് പല പ്രാവശ്യം വിളി വന്നിട്ടുണ്ടെന്നാണ് എഎപി കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. 2015 സെപ്റ്റംബര്‍ നാലു മുതല്‍ 2016 ഏപ്രില്‍ അഞ്ച് വരെയുളള കാലത്താണ് ഇവരുടെ ഫോണില്‍ നിന്ന് മന്ത്രിയുടെ ഫോണിലേക്ക് കോള്‍ വന്നതെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ ഖഡ്‌സെ നിഷേധിച്ചു. ഈ ഫോണ്‍ നമ്പര്‍ കഴിഞ്ഞ ഒരു വര്‍ഷമായി നിലവിലില്ലെന്നാണ് കുല്‍ക്കര്‍ണി വിശദീകരിക്കുന്നത്.
















