സാന്റിയാഗോ: ആത്മഹത്യ ചെയ്യാന്‍ മൃഗശാലക്കുള്ളിലേക്ക് അതിക്രമിച്ച കയറിയ യുവാവിനെ രക്ഷപ്പെടുത്താന്‍ രണ്ട് സിംഹങ്ങളെ വെടിവെച്ച് കൊന്നു. ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലാണ് സംഭവം നടന്നത്.
അധികൃതരുടെ കണ്ണ് വെട്ടിച്ച് സിംഹക്കൂട്ടിലേക്ക് കയറിയ യുവാവ് വിവസ്ത്രനായി സിംഹങ്ങൾക്ക് മുന്നിലേക്ക് ചെല്ലുകയായിരുന്നു. ഇതേ സമയം അഞ്ച് സിംഹങ്ങൾ കൂട്ടിൽ ഉണ്ടായിരുന്നു. ഉടൻ രണ്ട് സിംഹങ്ങൾ യുവാവിനെ കടിച്ചു കീറാൻ തുടങ്ങി. തുടർന്ന് മൃഗശാല അധികൃതർ സിംഹങ്ങളുടെ ശ്രദ്ധ തിരിച്ച് വിടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയണുണ്ടായത്.
തുടർന്ന് അധികൃതർ രണ്ട് സിംഹങ്ങളെ വെടിവെച്ച് വീഴ്‌ത്തി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ജീവനക്കാര്‍ മൃതപ്രായനായ നിലയില്‍ യുവാവിനെ പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ യുവാവ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
സംഭവം നടക്കുമ്പോള്‍ മൃഗശാലയില്‍ സന്ദര്‍ശകര്‍ കുറവായിരുന്നു. 20 വര്‍ഷത്തിലധികമായി മൃഗശാലയില്‍ കഴിയുന്ന രണ്ട് സിംഹങ്ങളെയാണ് മൃഗശാല അധികൃതര്‍ക്ക് കൊല്ലേണ്ടി വന്നത്.
















