പാരീസ്: മുന്‍ ചാമ്പ്യനും മുന്‍ ഒന്നാം നമ്പറുമായ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് പിന്മാറി. കുറച്ചു നാളായി അലട്ടുന്ന പുറംവേദനയില്‍ നിന്നു പൂര്‍ണമായി മുക്തനാകാത്തതിനാലാണ് ഫ്രാന്‍സിലേക്ക് പോകാത്തതെന്ന് ഫെഡറര്‍ അറിയിച്ചു. 2009ലെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനാണ് സ്വിസ് മാസ്റ്റര്‍.
തുടര്‍ച്ചയായി 65 ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ പങ്കെടുത്ത താരമെന്ന റെക്കോഡുള്ള ഫെഡറര്‍, 1999ലെ യുഎസ് ഓപ്പണിന് ശേഷം ഇതാദ്യമായാണ് ഒരു ഗ്രാന്‍ഡ്സ്ലാമില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.
ശാരീരിക ക്ഷമത വീണ്ടെടുക്കുന്നുവെന്നും കളത്തിലിറങ്ങാനുള്ള ക്ഷമത കൈവരിച്ചിട്ടില്ലെന്നും ഫെഡറര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ദീര്‍ഘകാലം കളിക്കളത്തില്‍ തുടരാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
റോളന്‍ഡ് ഗാരോസില്‍ 65 ജയങ്ങളും 16 തോല്‍വികളുമാണ് ഫെഡറര്‍ക്കുള്ളത്. നാല് തവണ ഫൈനലില്‍ എത്തിയിട്ടുള്ള ഫെഡറര്‍, 2009ല്‍ റോബിന്‍ സോഡര്‍ലിങ്ങിനെ കീഴടക്കി ഫ്രഞ്ച് ഓപ്പണില്‍ ജേതാവായത്.
















