ടൊറന്റോ: ആയിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്ന ആല്‍ബര്‍ട്ടയിലെ ശക്തമായ കാട്ടുതീ അയല്‍ സംസ്ഥാനമായ സസക്ച്യുവാനിലേക്കും പടരുന്നു. കാട്ടുതീ ഇപ്പോള്‍ 4830 ചതുരശ്ര കിലോമീറ്ററിലേക്ക് വ്യാപിച്ചിട്ടുണ്ട്. കിഴക്കന്‍ മേഖലയിലേക്കും പടര്‍ന്ന് കൊണ്ടിരിക്കുകയാണ്
. ആല്‍ബര്‍ട്ടയില്‍ മാത്രം കാട്ടുതീ ഇതുവരെ 7.8 ചതുരശ്ര കിലോമീറ്ററിനെ വിഴുങ്ങിക്കഴിഞ്ഞു. അതിര്‍ത്തിയില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെയാണ് ഏറ്റവും അടുത്തുളള ഗ്രാമം. എന്നാല്‍ പുകയും ചാരവും സസക്ച്യുവനിലെ ലാലോച്ചെ പട്ടണത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. നിലവില്‍ സസക്ച്യൂവാനില്‍ ഒമ്പതിടത്ത് കാട്ടുതീ പടരുന്നുണ്ട്.
ഇനിയും കാട്ടുതീ ഉണ്ടാകാതിരിക്കുകയും അന്തരീക്ഷത്തിലെ മലിനീകരണത്തോത് വര്‍ദ്ധിക്കാതിരിക്കുകയും ചെയ്താല്‍ ഫോര്‍ട്ട് മക്മുറെയില്‍ നിന്ന്് ഒഴിപ്പിച്ചവരെ അടുത്ത മാസം ഒന്നോടെ തിരികെ എത്തിക്കാനാകുമെന്ന് ആല്‍ബെര്‍ട്ടാ പ്രീമിയര്‍ റെയ്ഞ്ചല്‍ നോട്ട്‌ലെ പറഞ്ഞു. എണ്‍പതിനായിരം പേരെ എപ്പോള്‍ തിരിച്ചെത്തിക്കാനാകുമെന്ന കാര്യം സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുമെന്ന് കഴിഞ്ഞ ദിവസം അവര്‍ പറഞ്ഞിരുന്നു.
















