കൊളംബോ: ശ്രീലങ്കയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ 16 പേരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. കനത്തമഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 27 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കൊളംബോയില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെയുള്ള ബുലത്‌കോഹുപിട്ടിയ, അറനായക് ഗ്രാമങ്ങളിലാണ് അപകടമുണ്ടായത്.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ 300ഒളം സൈനികര്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മണ്ണിടിച്ചിലില്‍ 150ഓളം പേരെ കാണാതായ അറനാക് ഗ്രാമത്തില്‍ നിന്നും 13 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സൈനിക വക്താവ് ബ്രിഗേഡിയര്‍ ജയന്ത് ജയവീര പറഞ്ഞു. ബുലത്‌കോഹുപിട്ടിയ ഗ്രാമത്തില്‍ നിന്നും മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി.
മൂന്നു ദിവസമായി പെയ്യുന്ന മഴയെത്തുടര്‍ന്ന് കൊളംബോയില്‍ പല റോഡുകളിലും വെള്ളം കയറി. ഇതേത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടുലക്ഷം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചുമാറ്റിയിരുന്നു. എത്ര പേര്‍ മരിച്ചെന്നോ എത്ര വീടുകള്‍ മണ്ണിനടിയിലായെന്നത് സംബന്ധിച്ചോ വ്യക്തമായ കണക്കുകള്‍ ലഭ്യമല്ലെന്ന് സര്‍ക്കാരിന്റെ ദുരന്തനിവാരണ മാനേജ്‌മെന്റ് സെന്റര്‍ വക്താവ് പ്രദീപ് കൊടിപ്പിള്ളി പറഞ്ഞു.
















