വാഷിംഗ്ടണ്‍: ലോകത്തെ നടുക്കിയ 9/11 ഭീകരാക്രമണത്തിന്റെ ഇരകള്‍ക്ക് സൗദി അറേബ്യക്കെതിരെ കോടതിയെ സമീപിക്കാം. നിയമനടപടി സ്വീകരിക്കാന്‍ അനുമതി നല്‍കുന്ന ബില്‍ യുഎസ് സെനറ്റ് പാസാക്കി. ജസ്റ്റീസ് എഗൈന്‍സ്റ്റ് സ്‌പോണ്‍സേഴ്‌സ് ഓഫ് ടൂറിസം ആക്ട്(ജാസ്ത) എന്ന ബില്ലാണ് പാസാക്കിയത്. പ്രസിഡന്റ് ബരാക് ഒബാമയുടെ എതിര്‍പ്പ് മറികടന്നാണ് ബില്‍ പാസാക്കിയത്. എന്നാല്‍ യുഎസ് കോണ്‍ഗ്രസ് കൂടി അംഗീകരിച്ചാല്‍ മാത്രമേ ബില്‍ നിയമമാകൂ.
അതേസമയം ബില്‍ പാസാക്കിയതിനെതിരെ സൗദി പൗരന്മാര്‍ പ്രതിഷേധം അറിയിച്ചു. അമേരിക്കയില്‍ നിന്നും 750 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം പിന്‍വലിക്കുമെന്ന് ഭീഷണി സൗദി പൗരന്മാര്‍ ഉയര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ ഇത് സൗദിക്ക് എതിരായ നിയമം അല്ലെന്നും സൗദി-യുഎസ് ബന്ധത്തെ ഇതു ബാധിക്കുമെന്ന് കരുതുന്നില്ലെന്നും ടെക്‌സാസ് സെനറ്റര്‍ ജോണ്‍ കോര്‍ണിന്‍ പറഞ്ഞു.
ഭീകരാക്രമണത്തിന്റെ ശേഷിപ്പായി ജീവിക്കുന്നവര്‍ക്കും മരിച്ചവരുടെ ബന്ധുക്കള്‍ക്കും മറ്റുള്ള രാജ്യങ്ങളോട് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ നിയമം അനുവദിക്കുന്നു. എന്നാല്‍ ബില്ലിനെ എതിര്‍ക്കുന്ന നിലപാടാണ് പ്രസിഡന്റ് ബരാക് ഒബാമക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് ഒബാമ ബില്ലിനെ വളരെ ഗൗരമായിട്ടാണ് കാണുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. അദ്ദേഹം ബില്‍ നിയമമാക്കാന്‍ ഒപ്പ് ഇടുമോയെന്ന കാര്യം ചിന്തിക്കാന്‍ തന്നെ പ്രയാസമാണെന്നും വക്താവ് പറഞ്ഞു.
2001 സെപ്റ്റംബര്‍ 11നു നടത്ത വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ സൗദിക്ക് പങ്കുള്ളതായി യുഎസ് ആരോപിച്ചിരുന്നു. ഭീകരാക്രമണത്തിന് ഉപയോഗിച്ച വിമാനങ്ങള്‍ റാഞ്ചിയവരില്‍ 15 പേരും സൗദി പൗരന്മാര്‍ ആണെന്നത് യുഎസിന്റെ ആരോപണത്തിന് മൂര്‍ച്ച കൂട്ടിയിരുന്നു. എന്നാല്‍ ആരോപണത്തെ സൗദി നിഷേധിച്ചിരുന്നു.
















