ന്യൂദല്‍ഹി: ഭിന്നശേഷിയുള്ളവര്‍ക്ക് രാജ്യം മുഴുവനുമുള്ള ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വികലാംഗ സര്‍ട്ടിഫിക്കറ്റുകള്‍ രാജ്യവ്യാപകമായി ഉപയോഗിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്രസാമൂഹ്യനീതി വകുപ്പ് തയ്യാറാക്കിയ ഭിന്നശേഷിയുള്ളവരുടെ അവകാശ ബില്ലിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്.
ബില്ലിന്റെ കരടുരൂപം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനക്കയച്ചിരിക്കുകയാണ്. അംഗപരിമിതര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തുമെന്നും കേന്ദ്ര സാമൂഹ്യ ക്ഷേമന്ത്രി ധവര്‍ ചന്ദ് ഗെലോട്ട് പറഞ്ഞു.
2014ല്‍ തയാറാക്കിയ ബില്ലിന്റെ കരട് രൂപത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വികലാംഗ സര്‍ട്ടിഫിക്കറ്റ് രാജ്യത്തെ എല്ലാ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലും ഔദ്യോഗികമായി ഉപയോഗിക്കാമെന്ന് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
നിലവിലുള്ള നിയമത്തില്‍ ഇതിനുള്ള സാധ്യതകളില്ലായിരുന്നു. അംഗപരിമിതര്‍ക്ക് ഒരു സംസ്ഥാന സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് മറ്റു സംസ്ഥാനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുമായിരുന്നില്ല. ഇതുമൂലം ഭിന്നശേഷിയുള്ളവര്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നുവെന്ന് ധവര്‍ചന്ദ് ഗെലോട്ട് പറഞ്ഞു.
അംഗപരിമതര്‍ക്ക് വേണ്ടിയുള്ള സംസ്ഥാന കമ്മീഷണര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പുതുതാക്കിയ തയാറാക്കിയ ബില്ലിന്റെ കരടില്‍ അംഗപരിമിതര്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതികളുടെ എണ്ണം ഏഴില്‍ നിന്നും 19 ആയി ഉയര്‍ത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അംഗപരിമിതര്‍ക്കുള്ള ഏകീകൃത തിരിച്ചറിയില്‍ കാര്‍ഡില്‍ പേര്, വിലാസം, ജനനത്തീയതി, രക്ഷിതാക്കളുടെ പേര്, മൊബൈല്‍ നമ്പര്‍, വരുമാന വിവരങ്ങള്‍, ശാരീരിക ന്യൂനതയുടെ സ്വഭാവം, ബാങ്ക് അക്കൗണ്ട് വിവരം, ബിപിഎല്‍ വിവരം, വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് വിവരം എന്നിവ ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
















