ന്യൂദല്‍ഹി: നിലവാരം കുറഞ്ഞ ഉരുക്ക് ഉപയോഗിച്ച് നിര്‍മ്മിച്ച നാവിക ടാങ്കറുകള്‍ വാങ്ങിയ സംഭവത്തില്‍ അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണിക്കെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിയെ സമീപിക്കാന്‍ ബിജെപി തീരുമാനിച്ചു. പുതുതായി രൂപീകരിച്ച പിഎസി കമ്മറ്റിയുടെ ആദ്യയോഗം മെയ് 17ന് ചേരുമ്പോള്‍ പരാതി നല്‍കുമെന്ന് ബിജെപി എംപി കിരിത് സോമയ്യ വ്യക്തമാക്കി. സംശുദ്ധ രാഷ്‌ട്രീയത്തിന്റെ പ്രതീകമെന്ന് സ്വയംവിശേഷിപ്പിക്കുന്ന എ.കെ. ആന്റണിയുടെ പ്രതിച്ഛായ ഇല്ലാതാക്കാന്‍ പോകുന്ന വലിയ അഴിമതിയാണ് പിഎസിയുടെ മുന്നിലേക്കെത്തുന്നത്.
നിലവാരമില്ലാത്ത ഉരുക്കുപയോഗിച്ച് നിര്‍മ്മിച്ച കപ്പലുകളാണ് നാവികസേനയ്‌ക്ക് ഇന്ധനം നല്‍കുന്നതിനായി ഇറ്റാലിയന്‍ കമ്പനിയില്‍ നിന്നും വാങ്ങിയത്. ഇക്കാര്യത്തില്‍ വലിയ അഴിമതിയാണ് നടന്നിരിക്കുന്നത്. എ.കെ. ആന്റണി പ്രതിരോധമന്ത്രി ആയിരുന്ന കാലത്ത് ഇറ്റാലിയന്‍ കമ്പനികളുമായി നടന്ന എല്ലാ ആയുധ ഇടപാടുകളും അന്വേഷണ വിധേയമാക്കണം. ഇറ്റാലിയന്‍ കമ്പനികളുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ അഴിമതികളും കോണ്‍ഗ്രസുമായും ബന്ധപ്പെട്ടുകിടക്കുകയാണ്. ഇക്കാര്യങ്ങളന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിഎസിയേയും പ്രതിരോധമന്ത്രാലയത്തേയും സമീപിക്കും. ഫിന്‍ മെക്കാനിക്കയും ഫിന്‍ കന്റാരിയയും എല്ലാം ഒന്നാണോ എന്ന കാര്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റും കേന്ദ്രവിജിലന്‍സ് കമ്മീഷനും സിബിഐയും പരിശോധിക്കണം, കിരിത് സോമയ്യ ആവശ്യപ്പെട്ടു.
പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിയുടെ ആദ്യയോഗം നാളെ നടക്കുമ്പോള്‍ സിഎജി ശശികാന്ത് ശര്‍മ്മയും പങ്കെടുക്കുന്നുണ്ട്. എന്നാല്‍ എ.കെ ആന്റണിയുടെ പേര് പിഎസി യോഗത്തില്‍ കടന്നുവരാതിരിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. നിലവില്‍ പിഎസിയുടെ യോഗത്തിന്റെ അജണ്ടകള്‍ തീരുമാനിച്ചിട്ടില്ലെന്ന് പിഎസി ചെയര്‍മാനായ പ്രൊഫ. കെ.വി. തോമസ് പ്രതികരിച്ചു.
റഷ്യ, കൊറിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ ടെണ്ടര്‍ നല്‍കിയിട്ടും നിലവാരമില്ലാത്ത ഉരുക്കുപയോഗിച്ച് നിര്‍മ്മിച്ച എണ്ണ ടാങ്കറുകളുള്ള ഇറ്റാലിയന്‍ കമ്പനിയുടെ ടെണ്ടര്‍ അംഗീകരിക്കപ്പെട്ടതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് ബിജെപിയുടെ പരാതി. സൈനികാവശ്യത്തിനുപയോഗിക്കുന്ന ഉയര്‍ന്നതരം ഉരുക്കുപയോഗിച്ച് നിര്‍മ്മിച്ച റഷ്യന്‍ ടാങ്കറുകള്‍ ഒഴിവാക്കിയാണ് ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍ കന്റേരിയില്‍ നിന്നും രണ്ട് ടാങ്കറുകള്‍ നാവികസേനയ്‌ക്കായി യുപിഎ സര്‍ക്കാര്‍ വാങ്ങിയത്.
പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി 2011 ജനുവരി 21ന് ഐഎന്‍എസ് ദീപക്കും 2011 ഒക്ടോബര്‍ ഒന്നിന് ഐഎന്‍എസ് ശക്തിയും കമ്മീഷന്‍ ചെയ്തു. എന്നാല്‍ രണ്ട് എണ്ണടാങ്കറുകളും നേരിടുന്നത് ഗുരുതരമായ തകരാറുകളാണ്. റഷ്യയില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി മടങ്ങിയ ഐഎന്‍എസ് വിക്രമാദിത്യയ്‌ക്ക് അകമ്പടി സേവിച്ച രണ്ട് എണ്ണ ടാങ്കറുകളും അറ്റ്‌ലാന്റിക് മുറിച്ചുകടക്കുമ്പോള്‍ സമുദ്രമര്‍ദ്ദം താങ്ങാനാവാതെ അപകടത്തിന്റെ വക്കോളമെത്തിയിരുന്നു. വ്യാവസായിക ആവശ്യത്തിനുപയോഗിക്കുന്ന ഉരുക്കുപയോഗിച്ച് നിര്‍മ്മിച്ച എണ്ണ ടാങ്കറുകള്‍ ഇറ്റാലിയന്‍ കമ്പനിയില്‍ നിന്നും വാങ്ങുന്നതിനെ നാവികസേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എതിര്‍ത്തിട്ടും പ്രതിരോധമന്ത്രിയും യുപിഎ സര്‍ക്കാരും അവഗണിക്കുകയായിരുന്നു. എ.കെ. ആന്റണിയുടെ കുറ്റകരമായ അനാസ്ഥയാണ് ഖജനാവിന് ശതകോടികളുടെ നഷ്ടമുണ്ടാക്കിയതെന്നാണ് ബിജെപിയുടെ നിലപാട്. ഇക്കാര്യം പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിയില്‍ ഉന്നയിക്കാനാണ് ബിജെപി അംഗങ്ങളുടെ തീരുമാനം.
















