ന്യൂദല്‍ഹി: ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം രാജ്യവിരുദ്ധ ശക്തികളുടെ കയ്യിലെത്തിയെന്നാരോപിച്ച് വിദ്യാര്‍ത്ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറിയും ഒബിസി വിദ്യാര്‍ത്ഥിയുമായ രാജ്കുമാര്‍ സാഹു എസ്എഫ്‌ഐയില്‍ നിന്നു രാജിവെച്ചു. ലക്ഷക്കണക്കിന് രൂപ സമരത്തിനായി ക്യാമ്പസിലേക്ക് ഒഴുകുന്നതായും എസ്എഫ്‌ഐയെ നിയന്ത്രിക്കുന്നത് സിപിഎമ്മും കോണ്‍ഗ്രസും മറ്റു ചില നിഗൂഢ സംഘടനകളുമാണെന്നും രാജ്കുമാര്‍ സാഹു ആരോപിച്ചു. രോഹിത് വെമുലയുടെ കൊലപാതകത്തിന് കാരണം എസ്എഫ്‌ഐ ആണെന്നും അദ്ദേഹം പറഞ്ഞു.
രോഹിത് വെമുലയുടെ ആത്മഹത്യ ഉയര്‍ത്തി നാളുകളോളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച ഇടതു-വലതു രാഷ്‌ട്രീയ പാര്‍ട്ടികളെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന വെളിപ്പെടുത്തലുകളാണ് രാജ്കുമാര്‍ സാഹു നടത്തിയത്. സര്‍വ്വകലാശാലയില്‍ സമരരംഗത്തുള്ള സംയുക്ത സമരസമിതി എത്രയും വേഗം പിരിച്ചുവിടണമെന്നും ലക്ഷങ്ങള്‍ ബാഹ്യശക്തികളില്‍ നിന്നു വാങ്ങി സമരം നടത്തുന്നത് എന്തിന് വേണ്ടിയാണെന്നും സാഹു ചോദിച്ചു.
സമരസമിതിയും എസ്എഫ്‌ഐയും ബാഹ്യശക്തികള്‍ക്കനുസരിച്ച് നൃത്തം ചെയ്യുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.
സര്‍വ്വകലാശാലയിലെ ഒരു വിഭാഗം അധ്യാപകരും നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാണ്. സര്‍വ്വകലാശാലയില്‍ നടക്കുന്ന സമരത്തിന് പ്രധാന ഫണ്ട് കോണ്‍ഗ്രസില്‍ നിന്നു ചില അവസരവാദ ശക്തികളില്‍ നിന്നുമാണ് ലഭിക്കുന്നത്.
ഭീകരനായ യാക്കൂബ് മേമനെ പിന്തുണയ്‌ക്കുന്നില്ലെന്ന് എസ്എഫ്‌ഐ പറയുമ്പോഴും യാക്കൂബ് മേമനെ തൂക്കിക്കൊന്നതിനെ രക്തസാക്ഷിദിനമായി ആചരിച്ച് നമാസ് നടത്തുന്നു. രാഷ്‌ട്രീയത്തിനനുസൃതമായി നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്ന പാര്‍ട്ടിയായി എസ്എഫ്‌ഐ അധപതിച്ചു. ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളെ കോണ്‍ഗ്രസ് നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചത് എസ്എഫ്‌ഐ ആണ്.
രോഹിത് വെമുലയ്‌ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുമ്പോള്‍ ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണത്തോട് സഹകരിക്കില്ലെന്ന എസ്എഫ്‌ഐയുടെ നിലപാടിന് പിന്നിലെന്താണ് കാരണം. എസ്‌സി-എസ്ടി നിയമം അനുസരിച്ച് കേസെടുക്കണമെന്നാവശ്യപ്പെടുമ്പോഴും രോഹിത് വെമുലയുടെ ജാതിയെന്തെന്ന സത്യം സമ്മതിക്കാന്‍ എസ്എഫ്‌ഐ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും സാഹു ചോദിച്ചു.
കാമ്പസിലെ സമരപ്പന്തലിന്റെ ദിവസവാടക അയ്യായിരം രൂപയാണ്.
മൂന്നുമാസങ്ങള്‍ ഇതിനകം കഴിഞ്ഞുപോയി. സമരത്തിനിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണമാണ് പുറത്തു നിന്ന് എത്തുന്നത്. വലിയ പരിപാടികള്‍ സംഘടിപ്പിക്കുന്നു. വലിയ പാര്‍ട്ടികള്‍ പുറത്തു സംഘടിപ്പിക്കുന്നു. ആയിരക്കണക്കിന് കളര്‍ പോസ്റ്ററുകള്‍ അച്ചടിക്കുന്നു. അംബേദ്ക്കറുടെ 125-ാം ജയന്തി ആഘോഷമെന്നപേരില്‍ ചിക്കനും ബീഫും വന്‍തോതില്‍ വിതരണം ചെയ്യുന്നു. ഇതിനെല്ലാം പണം എവിടെനിന്നും ലഭിക്കുന്നു, രാജ്കുമാര്‍ സാഹു ചോദിച്ചു.
എസ്എഫ്‌ഐയും കോണ്‍ഗ്രസ് അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികളും നടത്തിയ ഈ നാടകങ്ങള്‍ മൂലം യഥാര്‍ത്ഥ നഷ്ടം സംഭവിച്ചത് സാധാരണ വിദ്യാര്‍ത്ഥികള്‍ക്കാണ്. ക്യാമ്പസ് റിക്രൂട്ട്‌മെന്റിന് കമ്പനികള്‍ തയാറാകുന്നില്ല. എച്ച്‌സിയുവിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ടു. വിദ്യാര്‍ത്ഥിക്ഷേമത്തിനായി പ്രവര്‍ത്തിക്കേണ്ട വിദ്യാര്‍ത്ഥി യൂണിയനെ ചിലരുടെ വൃത്തികെട്ട രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിച്ചെന്നും രാജ്കുമാര്‍ സാഹു ഏഴു പേജ് നീളുന്ന രാജിക്കത്തില്‍ കുറ്റപ്പെടുത്തി.
രാജ്കുമാര്‍ സാഹു
ഉയര്‍ത്തുന്ന ആവശ്യങ്ങള്‍
1. സംയുക്ത സമരസമിതി എത്രയും വേഗം സമരം പിന്‍വലിക്കുക. രോഹിതിന്റെ മരണകാരണം സംബന്ധിച്ച യഥാര്‍ത്ഥ വസ്തുത ജുഡീഷ്യല്‍ കമ്മീഷനും ഹൈക്കോടതിക്കും കൈമാറുക.
2. വൈസ് ചാന്‍സലറേയും അധ്യാപകരേയും കുറ്റക്കാരായി ചിത്രീകരിക്കുന്ന എസ്എഫ്‌ഐയുടേയും അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് യൂണിയന്റെയും നിലപാട് അവസാനിപ്പിക്കുക.
3. സമരസമിതിയും എസ്എഫ്‌ഐയും എഎസ്എയും രാഷ്‌ട്രീയപാര്‍ട്ടികളില്‍ നിന്ന് അകലംപാലിക്കുക. പ്രക്ഷോഭങ്ങളില്‍ സ്ഥാപിത താത്പര്യക്കാരെ പങ്കെടുപ്പിക്കാതിരിക്കുക.
4. വെറുപ്പിന്റെ രാഷ്‌ട്രീയം എസ്എഫ്‌ഐയും എഎസ്എയും നിര്‍ത്തുക. കേന്ദ്ര സര്‍വകലാശാലയുടെ അക്കാദമിക് കാര്യങ്ങളുമായി സഹകരിക്കുക.
5. ജാതിയുടെ ചെറിയ കണ്ണുകളിലൂടെ സര്‍വകലാശാലയിലെ പ്രശ്‌നങ്ങളെ നോക്കിക്കാണുന്നത് അവസാനിപ്പിക്കുക.
6. രോഹിത് വെമുലയ്‌ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മുന്നോട്ടുപോകുമ്പോള്‍ തന്നെ അംബേദ്ക്കര്‍ വിദ്യാര്‍ത്ഥി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച എബിവിപി നേതാവ് സുശീല്‍കുമാറിനും നീതി നല്‍കുക.
7. ആരില്‍ നിന്നൊക്കെ പണം വാങ്ങിയെന്നതടക്കം രോഹിത് വെമുലയുടെ പേരില്‍ രൂപീകരിച്ച സംയുക്ത സമര സമിതിയുടെ സാമ്പത്തിക ഇടപാടുകള്‍ പരസ്യപ്പെടുത്തണം.
എസ്എഫ്‌ഐക്കും അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനും അടക്കം എല്ലാവര്‍ക്കും സ്വന്തം കാര്യം മാത്രമേയുള്ളെന്നാണ് രോഹിത് വെമുല അവസാനം പറഞ്ഞത്. വികാര വിക്ഷുബ്ധത്തിന് അടിമയായിരുന്നു രോഹിത്. പതിനൊന്നു വരികളുള്ള രോഹിതിന്റെ ആത്മഹത്യാക്കുറിപ്പ് കൂടി ചേര്‍ത്തുകൊണ്ടാണ് രാജ്കുമാര്‍ സാഹു തന്റെ രാജിക്കത്ത് അവസാനിപ്പിക്കുന്നത്.
















