ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഹരീഷ് റാവത്ത് സര്‍ക്കാരിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാര്‍ വിജയിച്ചതായി സുപ്രീം കോടതി പ്രഖ്യാപിച്ചു. റിപ്പോര്‍ട്ട് നിരീക്ഷിച്ച ശേഷമായിരുന്നു പരമോന്നത കോടതിയുടെ പ്രഖ്യാപനം.
28നെതിരെ മുപ്പത്തിമൂന്ന് വോട്ടുകളാണ് റാവത്ത് സര്‍ക്കാര്‍ നേടിയത്.
ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുളള അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്ന് കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. അതുടന്‍ ചെയ്യുമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കോടതിക്ക് ഉറപ്പ് നല്‍കി. ഇതിന്റെ പുരോഗതി മറ്റെന്നാള്‍ കോടതിയില്‍ സമര്‍പ്പിക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
61 എംഎല്‍എമാരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്ന ആവശ്യം വെളളിയാഴ്ച തന്നെ കോടതിക്ക്് മുന്നില്‍ വച്ചിരുന്നു. സുപ്രീം കോടതിയുടെ പ്രഖ്യാപനത്തോടെ രണ്ട് മാസം നീണ്ട അനിശ്ചിതത്വത്തിനാണ് വിരാമമായത്.
















