മുംബൈ: നാവികസേന 1983 മുതല്‍ ഉപയോഗിച്ചുവരുന്ന സീഹാരിയര്‍ വിമാനങ്ങള്‍ ഇനി മ്യൂസിയത്തിലേക്ക്. അവ സൈന്യത്തില്‍ നിന്ന് ഘട്ടം ഘട്ടമായി നീക്കം ചെയ്യും. കാലഹരണപ്പെട്ടതാണ് കാരണം.
വെള്ളക്കടുവയെന്ന് അറിയപ്പെട്ടിരുന്ന സീ ഹാരിയര്‍ മൂന്നു പതിറ്റാണ്ടായി ഭാരത നാവിക സേനയുടെ അവിഭാജ്യഘടകമായിരുന്നു. ഐഎന്‍എസ് വിക്രാന്ത്, ഐഎന്‍എസ് വിരാട് എന്നീ യുദ്ധക്കപ്പലുകളില്‍ വിന്യസിച്ചിരുന്ന ഇവ നിരീക്ഷങ്ങള്‍ക്കും യുദ്ധത്തിനും ഉപയോഗിച്ചിരുന്നു. വിശാഖപട്ടണം കടലില്‍ മാര്‍ച്ചില്‍ അവസാനമായി ഉപയോഗിച്ചത്.
ഇവ സൈന്യത്തില്‍ നിന്ന് ഡീ കമ്മീഷന്‍ ചെയ്ത ശേഷം പകരം മിഗ് 29 യുദ്ധവിമാനങ്ങളാകും ഉപയോഗിക്കുക.
സീ ഹാരിയര്‍ വിമാനങ്ങളോട് സൈന്യം ഇന്നലെ വിട പറഞ്ഞു. ഈ മാസം ഒടുവില്‍ വിരമിക്കുന്ന നാവിക സേനാധിപന്‍ അഡ്മിറല്‍ റോബിന്‍ ധവാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ രണ്ട് ബ്രിട്ടീഷ് നിര്‍മ്മിത സീ ഹാരിയര്‍ വിമാനങ്ങള്‍ പറത്തി. അവയ്‌ക്ക് ഒപ്പം രണ്ട് മിഗ് വിമാനങ്ങളും ഉണ്ടായിരുന്നു. അഭ്യാസത്തിനു ശേഷം കമാന്‍ഡിംഗ് ഓഫീസര്‍മാര്‍ പരസ്പരം ബാറ്റന്‍ കൈമാറി. ആറ് സീ ഹാരിയര്‍ വിമാനങ്ങളാണ് ഇപ്പോള്‍ നാവിക സേനയ്‌ക്ക് ഉള്ളത്.
നാവിക സേനയില്‍ നിന്ന് വിട നല്‍കുന്ന വിമാനങ്ങള്‍ ഇനി വിവിധ നാവിക ആസ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിക്കും. രണ്ടെണ്ണം ഐഎന്‍എസ് വിരാടില്‍ പ്രദര്‍ശിപ്പിക്കും. ഈ കപ്പല്‍ തന്നെ മ്യൂസിയമാക്കാനുള്ള ആലോചന നടക്കുകയാണ്. 99ലെ ഓപ്പറേഷന്‍ വിജയില്‍ ഇവ ഉപയോഗിച്ചിരുന്നു.കപ്പല്‍ വേധ മിസൈലുകളും മാത്ര മാജിക് മിസൈലുകളും വ്യോമവ്യോമ മിസൈലുകളും ഇവയിലുണ്ട്. ബോംബുകള്‍ വര്‍ഷിക്കാനുള്ള ശേഷിയും ഇവയ്‌ക്കുണ്ട്.
















