ന്യൂദൽഹി: വിദ്യാർത്ഥിയെ വെടിവെച്ച് കൊന്ന മകനെ പോലീസിന് വിട്ടു നൽകാതിരുന്ന ജെഡിയു എംഎൽഎ മനോരമ ദേവിയുടെ വീട്ടിൽ നിന്നും മദ്യ ശേഖരം പിടിച്ചെടുത്തു. ബീഹാറിൽ മദ്യം പൂർണ്ണമായും നിരോധിച്ചിക്കവെയാണ് എംഎൽഎയുടെ വീട്ടിൽ നിന്നും ആറ് ഇന്ത്യൻ നിർമ്മിത വിദേശ മദ്യക്കുപ്പികൾ പിടിച്ചെടുത്തത്. ഇതേ തുടർന്ന് ഇവരെ പാർട്ടിയിൽ നിന്നും താത്കാലികമായി സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇവരെ അന്വോഷണ വിധേയമായി എംഎൽഎ സ്ഥാനത്തു നിന്നും മാറ്റിയത്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം അനധികൃതമായി മദ്യങ്ങൾ കൈവശം വച്ച കുറ്റത്തിന് മനോരമ ദേവിയെ പോലീസ് അറസ്റ്റ് ചെയ്യാൻ ഒരുങ്ങുകയാണ്. കൂടാതെ വീട് സീൽ ചെയ്യുകയും ചെയ്തു.
കാറിനെ മറികടക്കാൻ ശ്രമിച്ചതിന് എംഎൽഎയുടെ മകനായ റോക്കി യാദവ്, ആദിത്യ എന്ന വിദ്യാർത്ഥിയെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. തുടർന്ന് റോക്കിയെ എംഎൽഎയും അമ്മയുമായ മനോരമ ദേവി ഒളിവിൽ താമസിക്കുവാൻ അവസരം നൽകിയിരുന്നു. എന്നാൽ ഒളിവിൽ കഴിഞ്ഞിരുന്ന റോക്കി യാദവിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടുകയായിരുന്നു.
ബീഹാറിൽ അനധികൃതമായി വിദേശമദ്യം കൈവശം വയ്‌ക്കുന്നത് നിയമ വിരുദ്ധമാണ്. കൂടാതെ പത്ത് ലക്ഷം രൂപ പിഴയും പത്ത് വർഷത്തെ കഠിന തടവുമാണ് ശിക്ഷയായി നിർദ്ദേശിക്കപ്പെടുന്നത്. എംഎൽയുടെ ഇത്തരത്തിലുള്ള നടപടി ജെഡിയു പാർട്ടി നേതാവ് നിതീഷ് കുമാറിന് തല വേദനയായിരിക്കുകയാണ്.
















