ചെന്നൈ: കൊടുംചൂടും കാലാവസ്ഥാ വ്യതിയാനങ്ങളും വൃക്കരോഗങ്ങളും വര്‍ദ്ധിപ്പിക്കുന്നതായി ഗവേഷകര്‍. അമിതച്ചൂടുമുലം ഭാരതത്തില്‍ വൃക്കരോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. വെയിലത്ത് മണിക്കൂറുകളോളം കഠിനമായ ജോലിചെയ്യേണ്ടി വരുന്നവരാണ് വൃക്ക രോഗങ്ങള്‍ക്ക് അടിമകളാകുന്നത്.
ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡീഷ, ഗോവ, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമിതമായ ചൂടുമൂലം ജലാംശം നഷ്ടപ്പെടുന്നതാണ് കാരണം. ഈ സംസ്ഥാനങ്ങളില്‍ വൃക്കരോഗങ്ങള്‍ വര്‍ധിച്ചു വരികയാണെന്ന് ചെന്നൈ സ്വദേശിയായ നെഫ്രോളജിസ്റ്റ് ഡോ. ജോര്‍ജി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പഠനസംഘം കണ്ടെത്തിയിരുന്നു.
വൃക്കരോഗം കൂടാതെ പ്രമേഹവും, രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യതയും ഇവരില്‍ കൂടുതലാണെന്ന് എബ്രഹാം അറിയിച്ചു. ചൂട് വര്‍ധിച്ചതിനെ തുടര്‍ന്ന് ആളുകള്‍ മധുരം കലര്‍ന്ന വെള്ളം കുടിക്കുന്നതാണ് കാരണം.
2015-ല്‍ ആന്ധ്രാ പ്രദേശില്‍ നടത്തിയ പഠനത്തില്‍ പ്രതിമാസം 1400 പേര്‍ വീതം ഇങ്ങനെ രോഗികളാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍. സംസ്ഥാനങ്ങളില്‍ മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ ആറ് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിട്ടുണ്ട്. 40 ഡിഗ്രി സെല്‍ഷ്യസാണ് മിക്ക സംസ്ഥാനങ്ങളിലേയും താപനില.
















