റോക്കി യാദവ്
ഗയ: ജെഡിയു എംഎൽഎയുടെ മകന്റെ കാർ മറികടക്കാൻ ശ്രമിച്ച 19കാരനെ വെടിവെച്ചു കൊന്ന കേസില്‍ എംഎൽഎ മനോരമ ദേവിയുടെ മകൻ റോക്കി യാദവിനെ പോലീസ് അറസ്റ്റു ചെയ്തു. വെടിവെയ്‌ക്കാൻ ഉപയോഗിച്ച തോക്കും ഇയാളിൽ നിന്ന് കണ്ടെത്തിയതായി എസ്.പി. ഗിരിമാ മല്ലിക്ക് വ്യക്തമാക്കി.
മനോരമ ദേവിയുടെ ഭർത്താവ് ബിന്ദി യാദവിന്റെ ഉടമസ്ഥതതയിലുള്ള ഹോട്ട് മിക്‌സ് പ്ലാന്റിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച മുതൽ റോക്കി ഒളിവിലായിരുന്നു.
ബീഹാറിലെ ഗയയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. എംഎൽഎയുടെ പുതിയ ലാൻഡ് റോവർ കാറിനെ മറികടക്കാൻ പ്ലസ്ടു വിദ്യാർത്ഥിയായ ആദിത്യ സച്‌ദേവയും കൂട്ടുകാരും നിരവധി തവണ ശ്രമിച്ചിരുന്നു. എന്നാൽ ഇവർക്ക് വഴി നൽകാൻ റോക്കി യാദവ് അനുവദിച്ചില്ല.
തുടര്‍ന്ന് വാഹനം നിർത്തി ആദിത്യയും സുഹൃത്തും റോക്കിയോട് കയർത്ത് സംസാരിച്ചു. അപ്പോൾ കാറിൽ നിന്നും പുറത്തുവന്ന റോക്കിയും പിതാവും ജെഡിയു നേതാവുമായ ബിന്ദി യാദവും പാർട്ടി പ്രവർത്തകരും ചേർന്ന് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുകയും റോക്കി തോക്ക് എടുത്ത് ആദിത്യയ്‌ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
ആദിത്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രദേശവാസികൾ എംഎൽഎയുടെ വസതിക്കു മുൻപിൽ പ്രതിരോധം സംഘടിപ്പിച്ചു. ഉപരോധത്തെ തുടർന്ന് റോക്കി, പിതാവ് ബിന്ദി യാദവ് എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസ് റജിസ്റ്റർ
ചെയ്തിരുന്നു.
















