ബിന്ദി യാദവ് ആദിത്യ സച്‌ദേവ്
ന്യൂദല്‍ഹി: ജെഡിയു എംഎല്‍എയുടെ മകന്റെ കാര്‍ മറികടക്കാന്‍ ശ്രമിച്ച 19കാരനെ വെടിവെച്ച് കൊന്നു. ബീഹാറിലെ ഗയയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ജെഡിയു എംഎല്‍എ മനോരമ ദേവിയുടെ മകന്‍ റോക്കി യാദവാണ് പ്ലസ്ടു വിദ്യാര്‍ത്ഥിയായ ആദിത്യ സച്‌ദേവയെ വെടിവെച്ച് കൊന്നത്.
എംഎല്‍എയുടെ പുതിയ ലാന്‍ഡ് റോവര്‍ കാറിനെ മറികടക്കാന്‍ ആദിത്യയും സുഹൃത്തും നിരവധി തവണ ശ്രമിച്ചു. എന്നാല്‍ ഇവര്‍ക്ക് വഴി നല്‍കാന്‍ വിസമ്മതിച്ച കാറിനു മുന്‍പില്‍ തങ്ങളുടെ വാഹനം നിര്‍ത്തി ആദിത്യയും സുഹൃത്തും റോക്കിയോട് കയര്‍ത്ത് സംസാരിച്ചു. അപ്പോള്‍ കാറില്‍ നിന്നും പുറത്തുവന്ന റോക്കിയും പിതാവും ജെഡിയു നേതാവുമായ ബിന്ദി യാദവും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും റോക്കി തോക്ക് എടുത്ത് ആദിത്യയ്‌ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
ആദിത്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രദേശ വാസികള്‍ എംഎല്‍എയുടെ വസതിക്കു മുന്‍പില്‍ പ്രതിരോധം സംഘടിപ്പിച്ചു.
ഉപരോധത്തെ തുടര്‍ന്ന് പൊലീസ് റോക്കി, പിതാവ് ബിന്ദി യാദവ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് റജിസ്റ്റര്‍ ചെയ്തു.
















