ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വെള്ളം മോഷ്ടിച്ചുവെന്ന് ആരോപിച്ച് കര്‍ഷകനെ പോലീസ് അറസ്റ്റു ചെയ്തു. വരള്‍ച്ച രൂക്ഷമായ ബുന്ദേല്‍ഖണ്ഡലെ മഹോബയിലുള്ള ഊര്‍മിള്‍ ഡാമില്‍നിന്നു വെള്ളമെടുത്തതിനാണ് ഹീരലാല്‍ യാദവ് എന്ന 55കാരന്‍ അറസ്റ്റിലായത്.
ഡാമിന്റെ വാല്‍വ് നശിപ്പിച്ചെന്നും കനാല്‍ നിര്‍മിച്ച് വെള്ളം കൃഷിയിടത്തിലേക്കു കടത്തിയെന്നുമാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം. സെക്ഷന്‍ 430, 353, സര്‍ക്കാര്‍ വസ്തുക്കള്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ഹീര ലാലിനെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും ഡാമിന്റെ വാല്‍വ് നേരത്തെതന്നെ കേടായതാണെന്നും ഹീരാലാലിന്റെ ഭാര്യ പറഞ്ഞു. എന്നാല്‍ ഡാമിന്റെ വാല്‍വ് നേരത്തെ തകര്‍ന്നിരുന്നതാണെന്നും ഇതിലൂടെ പുറത്തേക്ക് ഒഴുകിയ വെള്ളം കൃഷിയിടത്തിലേക്കു തിരിച്ചുവിടുക മാത്രമാണ് ഹീരലാല്‍ ചെയ്തതെന്നും ഭാര്യ വ്യക്തമാക്കി.
ജലവകുപ്പ് തങ്ങളുടെ കുറവുകള്‍ മറയ്‌ക്കാന്‍ കുറ്റം പാവങ്ങളുടെമേല്‍ കെട്ടിവയ്‌ക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.
തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ബുന്ദേല്‍ഖണ്ഡില്‍ കൊടുംവരള്‍ച്ച അനുഭവപ്പെടുന്നത്. എന്നാല്‍ വരള്‍ച്ച നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരുവിധ സഹായങ്ങളും ലഭ്യമായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വരള്‍ച്ചയെ നേരിടാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അയച്ച ജലതീവണ്ടി സംസ്ഥാനം സര്‍ക്കാര്‍ സ്വീകരിക്കാതെ തിരിച്ചയച്ചിരുന്നു.
















