ആലപ്പുഴ: ജില്ലയുടെ വികസന സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയേകി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ ലക്ഷങ്ങള്‍ ഇന്ന് എടത്വായിലേക്ക് ഒഴുകും. എടത്വാ പച്ച ലൂര്‍ദ്ദ് മാതാ സ്‌കൂള്‍ മൈതാനിയിയില്‍ ഇന്ന് ഉച്ചയ്‌ക്ക് 1.30ന് പ്രധാനമന്ത്രി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. രണ്ടുലക്ഷത്തില്‍പ്പരം പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ 75,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള വേദി ഒരുങ്ങിക്കഴിഞ്ഞു. കേന്ദ്ര ഇന്റലിജന്‍സ്, എസ്പിജി, സംസ്ഥാന പോലീസ് എന്നിവരുടെ നിയന്ത്രണത്തിലാണ് സമ്മേളനവേദിയും പരിസരവും. ഇതിനു പുറമെ എന്‍ഡിഎയുടെ ആയിരത്തോളം വാളന്റിയര്‍മാര്‍ പ്രവര്‍ത്തനരംഗത്തുണ്ട്.
കുട്ടനാട്ടിലെത്തുന്ന പ്രധാനമന്ത്രിയെ ഹെലിപ്പാഡില്‍ ഒരുമണിയോടെ എന്‍ഡിഎ നേതാക്കള്‍ സ്വീകരിക്കും. ഒന്നരയോടെ സമ്മേളനവേദിയില്‍ പ്രധാനമന്ത്രിയെ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, എന്‍ഡിഎ സംസ്ഥാന നേതാക്കളായ കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍, തുഷാര്‍വെള്ളാപ്പളളി, പി.സി. തോമസ്, രാജന്‍ ബാബു, വെള്ളിയാകുളം പരമേശ്വരന്‍, എന്‍ഡിഎയുടെ ഒന്‍പത് സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അദ്ധ്യക്ഷത വഹിക്കും. സുഭാഷ് വാസു സ്വാഗതവും ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ബി. സുരേഷ്ബാബു നന്ദിയും പറയും. ലൂര്‍ദ്ദ് മാതാ സ്‌കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ മുന്‍വശത്താണ് പ്രസംഗവേദി. ഇതിന് എതിര്‍വശത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഹെലിപാട് തയ്യാറാക്കിയിട്ടുള്ളത്. മറ്റു നേതാക്കളെത്തുന്ന ഹെലികോപ്ടര്‍ ഹോളി എയ്ഞ്ചല്‍സ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് ഇറങ്ങുന്നത്. പ്രധാനമന്ത്രിയായശേഷം ജില്ലയില്‍ ആദ്യമായാണ് മോദി എത്തുന്നത്.
രാവിലെ 9.30ഓടെ പ്രവര്‍ത്തകര്‍ക്ക് സമ്മേളന വേദിയിലേക്ക് പ്രവേശിക്കാം. 12 വരെയാണ് പ്രവേശനം. പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന എന്‍ഡിഎ സംസ്ഥാന നേതാക്കള്‍, ജില്ലാ മണ്ഡലം താലൂക്ക് തല പ്രവര്‍ത്തകര്‍, സാമുദായിക നേതാക്കള്‍ എന്നിവര്‍ക്ക് പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
















