അരുണ്‍ സതീശന്‍
ചാത്തന്നൂര്‍: രാവിലെ പത്തിന് ചാത്തന്നൂര്‍ ജംഗ്ഷന് സമീപത്തായി ഒരുക്കിയിരിക്കുന്ന വേദിയില്‍ പ്രവര്‍ത്തകസഞ്ചയം എത്തി തുടങ്ങി. മിനിട്ടുകള്‍ വേഗത്തില്‍ നിരത്തിയ കസേരകളും നിറഞ്ഞ് പ്രവര്‍ത്തകര്‍. മുന്‍നിരയില്‍ ബിജെപിയുടെയും എന്‍ഡിഎയുടെയും നേതാക്കളും ചാത്തന്നൂര്‍ മണ്ഡലത്തിലെ ബിജെപി ജനപ്രതിനിധികളും.
10.20ന് കണ്‍വന്‍ഷന്‍ ആരംഭിച്ചു. വന്ദേമാതരത്തോടെ ആരംഭിച്ച കണ്‍വന്‍ഷനില്‍ തുടര്‍ന്ന് ബിജെപി ജില്ലാ സെക്രട്ടറി അഡ്വ.പി.അരുള്‍ ആമുഖപ്രഭാഷണം നടത്തി. കേരളത്തിലെ രാഷ്‌ട്രീയ സാമൂഹിക മണ്ഡലങ്ങളിലൂടെ കടന്നു പോയ പ്രസംഗം. കേരള നിയമസഭയില്‍ ഇക്കുറി താമര എംഎല്‍എ ചാത്തന്നൂരില്‍ ഉണ്ടാകുമെന്ന് അരുള്‍ ഉറപ്പിച്ച് പറഞ്ഞതോടെ സദസില്‍ കരഘോഷമായി.
കൃത്യം 11ന് ചാത്തന്നൂര്‍ എസ്എന്‍ കോളേജിലെ പ്രത്യേക ഹെലിപാടില്‍ രാജ്‌നാഥ് സിങ് എത്തിച്ചേര്‍ന്നിരിക്കുന്നുവെന്ന അനൗന്‍സ്‌മെന്റ് എത്തിയതോടെ സദസ്സില്‍ കൈയടി ഉയര്‍ന്നു. തുടര്‍ന്ന് മിനിട്ടുകള്‍ക്കകം രാജ്‌നാഥ് സിങിന്റെ വാഹനവ്യൂഹം വേദിക്കരികിലെത്തി. ഭാരത് മാതാ കീ ജയ് വിളിച്ച് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചു. സ്ഥാനാര്‍ത്ഥി ബി.ബി.ഗോപകുമാര്‍ കസവ് ഷാളണിയിച്ച് അദ്ദേഹത്തെ ഇരപ്പിടത്തിലേക്ക് സ്വീകരിച്ചു. തുടര്‍ന്ന് രാജ്‌നാഥ് സിങിനെയും സ്ഥാനാര്‍ത്ഥിയെയും പുഷ്പഹാരവും കിരീടവും നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് ജിഷക്ക് പ്രണാമം അര്‍പ്പിച്ച് കൊണ്ടാണ് രാജ്‌നാഥ് സിങ് പ്രസംഗം തുടങ്ങിയത്. പ്രിയപ്പെട്ട സഹോദരീ സഹോദരന്‍മാരെ എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ട് തുടങ്ങിയ പ്രസംഗം ഇരുപത് മിനിട്ട് നീണ്ടു. ഓരോ വാക്കിനും സദസില്‍ നിന്നും നിലക്കാത്ത കൈയടി. മോദി സര്‍ക്കാരിന്റെ വികസനരേഖ നടപ്പിലാക്കുവാന്‍ ബി.ബി.ഗോപകുമാറിന് വോട്ട് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രസംഗം അവസാനിപ്പിച്ചു. തുടര്‍ന്ന് അടുത്ത സമ്മേളന നഗരിയായ കുന്നത്തൂരിലേക്ക് മടക്കം.
















