ചേര്‍ത്തല: പട്ടണക്കാട് സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടുമായി ബന്ധപെട്ട് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം അന്തിമഘട്ടത്തിലേക്ക്. കേസിലെ പ്രധാനിയായ രണ്ടാം പ്രതി ബാങ്ക് ജീവനക്കാരന്‍ അരവിന്ദ(47)നെ കഴിഞ്ഞ ദിവസം ചേര്‍ത്തലയിലെ ബിയര്‍ പാര്‍ലറില്‍ നിന്ന് അന്വേഷണ സംഘം പിടികൂടിയിരുന്നു. അരവിന്ദന്റെ അറസ്റ്റ് അന്വേഷണത്തില്‍ നിര്‍ണ്ണായകമാകുമെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍.
ഇതിനൊപ്പം തന്നെ മൂന്നാം പ്രതിയായ ബാങ്കിലെ അറ്റന്‍ഡര്‍ സജീവനും അറസ്റ്റിലായിട്ടുണ്ട്. ഇതോടെ സംഭവവുമായി അറസ്റ്റിലായവരുടെ എണ്ണം നാലായി. ഇനി കേസില്‍ രണ്ടു പ്രതികളെ കൂടിയാണ് കിട്ടാനുള്ളത്.
കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. ഇരുവരെയും കസ്റ്റഡി.ില്‍ ലഭിക്കുന്നതിന് ക്രൈംബ്രാഞ്ച് ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ രേഖകളില്‍ കൃത്രിമം നടത്തിയാണ് പലതട്ടിപ്പുകളും ബാങ്കില്‍ നടന്നിട്ടുള്ളത്. കമ്പ്യൂട്ടര്‍ വിദഗ്ദനായ അരവിന്ദനെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന നിഗമനത്തിലാണ് സംഘം.
ഇതിനിടെ ചെക്ക് ഡിസ്‌കൗണ്ടിന്റെ പേരില്‍ നടന്ന തട്ടിപ്പുകളെ നിസ്സാരമാക്കി തട്ടിപ്പിലുള്‍പെട്ടവരെ രക്ഷിക്കാന്‍ അണിയറയില്‍ ശ്രമങ്ങള്‍ നടക്കുന്നതായ ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇടപാടുകാരയവരെ മാത്രം കുറ്റക്കാരാക്കി ജീവനക്കാരെ രക്ഷിക്കാനുള്ള അണിയറ ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായി കോണ്‍ഗ്രസിനുള്ളിലെ നേതാക്കളാണ് രംഗത്തിറങ്ങിയിരിക്കുന്നതെന്നാണ് വിമര്‍ശം.
















