കണ്ണൂര്‍: കുടിവെളള വിതരണം നടത്താന്‍ തയ്യാറാകുന്ന സന്നദ്ധ സംഘടനകള്‍ക്ക് ആവശ്യമായ സാങ്കേതിക ക്രമീകരണങ്ങള്‍ നല്‍കുമെന്ന് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ പറഞ്ഞു. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് കലക്ടറേറ്റ് ചേമ്പറില്‍ വിളിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലാത്ത സംഘടനകള്‍ക്കാണ് അനുമതി നല്‍കുക.
99 വില്ലേജുകളില്‍ കുടിവെളളക്ഷാമം രൂക്ഷമാണ്. ഇവിടങ്ങളില്‍ 21 ലക്ഷം ലിറ്റര്‍ വെളളം 80 ടാങ്കുകളിലായി ദിവസേന വിതരണം ചെയ്യുന്നുണ്ട്. 355 വാട്ടര്‍ കിയോസ്‌കുകള്‍ ഉണ്ട്. അങ്കണവാടികളിലെ കുട്ടികള്‍ക്ക് ഇന്നു മുതല്‍ അവധിയായിരിക്കും. താലൂക്കുകള്‍ കേന്ദ്രീകരിച്ച് തണ്ണീര്‍ പന്തല്‍ നിര്‍മ്മിക്കും. അപകടകരമായ സ്ഥിതിയിലായ സ്വകാര്യസ്ഥലങ്ങളിലെ മരങ്ങളുടെ ശാഖകള്‍ ഉള്‍പ്പെടെ മഴക്കുമുമ്പ് മുറിക്കാന്‍ ഉത്തരവിറക്കും. സൂര്യാതപവുമായി ബന്ധപ്പെട്ട് 12 കേസുകളാണ് വന്നത്. ചപ്പാരപ്പടവ് പഞ്ചായത്തിലെ ജോസഫ് മരണപ്പെട്ടത് സൂര്യാതപം മൂലമാണെന്ന് സംശയിക്കുന്നതായും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
















