കണ്ണൂര്‍: കേരള ഫോക്‌ലോര്‍ അക്കാദമി, സാംസ്‌കാരിക വകുപ്പ്, വൈലോപ്പിളളി സംസ്‌കൃതി ഭവന്‍ എന്നിവയുടെ സഹകരണത്തോടെ നടത്തിവരുന്ന അഞ്ചാമത് മാമ്പഴക്കാലം-കുട്ടികളുടെ അവധിക്കാല കൂട്ടായ്‌മയ്‌ക്ക് കണ്ണൂര്‍ ശിക്ഷക് സദനില്‍ ഹൃദ്യമായ തുടക്കം. കുട്ടികള്‍ക്ക് മാമ്പഴം നല്‍കിക്കൊണ്ട് ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ നാലു ദിവസത്തെ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്തു.
മാമ്പഴവും കുട്ടികളും തമ്മില്‍ മധുരമാര്‍ന്ന ബന്ധവും സൗഹൃദവുമാണുളളതെന്ന് കലക്ടര്‍ പറഞ്ഞു. മാവു പൂക്കുന്നതും മാങ്ങ പഴുക്കുന്നതും കുട്ടികള്‍ക്കുവേണ്ടിയാണ്. അതൊരനുഭൂതിയാണെന്നും കലക്ടര്‍ പറഞ്ഞു. ചടങ്ങില്‍ ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ ബി മുഹമ്മദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ സുരേഷ് കൂത്തുപറമ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍, പ്രസ് ക്ലബ് പ്രസിഡണ്ട് കെ.ടി.ശശി, ക്യാമ്പ് ഡയറക്ടര്‍ കെ.സി.സതീശന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എം പ്രദീപ് കുമാര്‍ സ്വാഗതവും ആര്‍ട്ടിസ്റ്റ് ശശികല നന്ദിയും പറഞ്ഞു. മാമ്പഴക്കാലം മെയ് 4 ന് സമാപിക്കും.















