റിയോ ഡി ജനീറോ: ബ്രസീലിയൻ ഫുട്‌ബോളിലെ വമ്പന്മാരെ ഒഴിവാക്കി കോപ്പ അമേരിക്ക ശതാബ്ദി ടൂർണമെന്റിനുള്ള 40 അംഗ സാധ്യതാ ടീമിനെ കോച്ച് ദുംഗ പ്രഖ്യാപിച്ചു. തിയാഗോ സിൽവ, മാഴ്‌സെഗലാ, ഡേവിഡ് ലൂയിസ് എന്നീ വമ്പന്മാരെയാണ് ദുംഗ സാധ്യതാ ടീമിൽ നിന്ന് ഒഴിവാക്കിയത്. നെയ്‌മർ നേരത്തെ തന്നെ കോപ്പ അമേരിക്കയിൽ നിന്ന് പിന്മാറിയിരുന്നു.
ടൂർണമെന്റിനായി ബാഴ്‌സലോണ സൂപ്പർ താരം നെയ്‌മറെ വിട്ടുകൊടുക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ് താരത്തിന് തിരിച്ചടിയായത്. സാവോപോളോയുടെ റോഡ്രിഗോ, പാൽമിറസിന്റെ കൗമാരപ്രതിഭ ഗബ്രിയേൽ ജീസസ്, സാന്റോസിന്റെ ഗബ്രിയേൽ തുടങ്ങി ഒരുപിടി യുവതാരങ്ങളും ദുംഗയുടെ സാധ്യതാപട്ടികയിലുണ്ട്. മേയ് 23നാണ് അവസാന 23 അംഗ ടീമിനെ പ്രഖ്യാപിക്കുന്നത്. സൂപ്പർ താരങ്ങളുടെ അഭാവം ടൂർണമെന്റിന്റെ ശോഭ കുറയ്‌ക്കും.
100 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായാണ് കോപ്പ അമേരിക്ക സെന്റിനറിനോ അരങ്ങേറുന്നത്. ജൂണിലാണ് ടൂർണമെന്റ്. ജൂൺ നാലിന് ഇക്വഡോറുമായാണ് കോപ്പ അമേരിക്കയിലെ ബ്രസീലിന്റെ ആദ്യ പോരാട്ടം. 8ന് ഹെയ്‌ത്തിയുമായും 12ന് പെറുവുമായും ബ്രസീൽ കളിക്കും.
















