ചേര്‍ത്തല: മോര്‍ച്ചറിയിലെ ശീതീകരണ സംവിധാനം പ്രവര്‍ത്തിക്കാത്തതിനെ ചൊല്ലി ഗവ. താലൂക്കാശുപത്രിയില്‍ തര്‍ക്കം. ബൈക്കപകടത്തില്‍ മരിച്ച അച്ഛന്റെയും മകന്റെയും മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തിറക്കാനായില്ല. ഒറ്റപുന്നയില്‍ വാഹന അപകടത്തില്‍ മരിച്ച കൊച്ചി പള്ളൂരുത്തി സ്വദേശി ആന്‍ഡ്രൂസ് ഡുറോം (48) മകന്‍ ആള്‍ഡ്രിന്‍ ഡുറോം (20) എന്നിവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ വെക്കുന്നിതിനെ ചൊല്ലിയാണ് ആശയകുഴപ്പമുണ്ടായത്.
ദേശീയ അംഗീകാരം ലഭിച്ച ആശുപത്രിയിലെ മോര്‍ച്ചറിയുടെ പ്രവര്‍ത്തനം കാര്യക്ഷമല്ലാത്തതാണ് തര്‍ക്കത്തിന് കാരണമായത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു. ശീതീകരണ സംവിധാനം പ്രവര്‍ത്തിക്കാത്തതിനാല്‍ അധികനേരം മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതര്‍.
അഗ്‌നിശമന സേനയുടെ ആംബുലന്‍സിലാണ് നാട്ടുകാരുടെ സഹകരണത്തോടെ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ചത്. പിന്നീട് അഗ്നിശമന സേനയിലെ ഉന്നത അധികാരികളുമായി ചര്‍ച്ച ചെയ്ത് ശേഷം മൃതദേഹങ്ങള്‍ ഇതേ ആംബുലന്‍സില്‍ തന്നെ ആലപ്പുഴയിലേക്ക് മാറ്റി. ദിവസങ്ങള്‍ക്ക് മുന്‍പാണ് ശീതീകരണ സംവിധാനം തകരാറിലായതെന്നും അടിയന്തരമായി പരിഹരിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
















