തൃശൂര്‍: അഴീക്കോട്-മുനമ്പം ജങ്കാര്‍ അറ്റകുറ്റപ്പണികളില്‍ ക്രമക്കേട് കണ്ടെത്തിയ കേസില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമാരായ കെ.വി.ദാസന്, സി.സി. ശ്രീകുമാര്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. നാട്ടിക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ് കെ.വി. ദാസന്.
2009 മുതല്‍ 2015വരെയുള്ള കാലവയളവില്‍ ജങ്കാര്‍ അറ്റകുറ്റപ്പണികളില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി കാണിച്ച് തൃശൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അംഗം അഡ്വ. വിദ്യാസംഗീത് നല്കിയ ഹര്‍ജിയില്‍ ത്വരിതാന്വേഷണം നടത്തിയ എറണാകുളം വിജിലന്‍സ് എസ്.പിയുടെ റിപ്പോര്‍ട്ട് തള്ളിയാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 18ന് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ അന്നത്തെ ജഡ്ജ് എസ്.എസ്. വാസന് ഉത്തരവിട്ടിരുന്നത്.
പ്രതീക്ഷിക്കാത്ത ധനനഷ്ടമുണ്ടായിട്ടുണ്ട്, എന്നാല്‍ അത് അഴിമതിയെന്ന് പറയാനാവില്ല. കൃത്യമായ പരിചരണമില്ലായ്കയും, തെറ്റായി കൈകാര്യം ചെയ്തതിലുമാണ് നഷ്ടം സംഭവിച്ചതെന്നായിരുന്നു ത്വരിതാന്വേഷണത്തില്‍ വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. തെറ്റായി കൈകാര്യം ചെയ്തതിലൂടെയുണ്ടായ നഷ്ടം അഴിമതിയായി കണക്കാക്കാമെന്നും, കോടികള്‍ മുടക്കി വാങ്ങിയ ജങ്കാറിന് ആറ് വര്‍ഷം കൊണ്ട് അറ്റക്കുറ്റപ്പണികളുടെ പേരില്‍ 1.18 കോടി ചിലവിട്ടതില്‍ സംശയം പ്രകടിപ്പിച്ചുമായിരുന്നു എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാനുള്ള കോടതിയുടെ നിര്‍ദ്ദേശം.
തൃശൂര്‍ വിജിലന്‍സ് യൂണിറ്റിനെ ഒഴിവാക്കണമെന്ന വിദ്യയുടെ ആവശ്യം പരിഗണിച്ച കോടതി എറണാകുളം വിജിലന്സിനായിരുന്നു നിര്‍ദ്ദേശം നല്‍കിയത്. വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോള്‍ മുന്‍ പ്രസിഡണ്ടുമാരായ കെ.വി.ദാസന്, സി.സി.ശ്രീകുമാര്‍ എന്നിവരെ കൂടാതെ ആരോപണകാലത്തെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണുമായിരുന്ന ലീലാ സുബ്രഹ്മണ്യന്, ജില്ലാ പഞ്ചായത്ത് മുന്‍ സെക്രട്ടറി ശുഭകുമാര്‍, സെക്രട്ടറി ഇന്‍ചാര്‍ജ് എ.ജെ. വര്‍ഗീസ്, ജങ്കാര്‍ സര്‍വീസിന്റെ മുന്‍ കരാറുകാരന് വേണുഗോപാലന്‍ എന്നിവരെ പ്രതി ചേര്‍ത്ത് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതായി വിജിലന്‍സ് അഭിഭാഷകന് കോടതിയില്‍ അറിയിച്ചു. എഫ്.ഐ.ആര് പരിഗണിച്ച ജഡ്ജ് സി.ജയചന്ദ്രന് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും, കാലതാമസമരുതെന്നും വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചു.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണായിരിക്കെ കമ്മറ്റിയെ മറികടന്ന് മുന്‍ പ്രസിഡന്റ് കെ.വി. ദാസനും, കരാറുകാരന് വേണുഗോപാലനും ചേര്‍ന്ന് ലക്ഷക്കണക്കിന് രൂപയുടെ അറ്റകുറ്റപ്പണികളും ഗിയര്‍ബോക്സ് വാങ്ങലും നടത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ജങ്കാറിനെ പൊതുമരാമത്ത് വകുപ്പിന് കീഴില്‍നിന്ന് ധനകാര്യവകുപ്പിന് കീഴിലേക്ക് മാറ്റി.
അറ്റകുറ്റപ്പണികള്‍ക്ക് ശേഷവും ജങ്കാര്‍ തകരാറിലായി, അറ്റകുറ്റപ്പണികള്‍ക്കായി പിന്നീട് കൊച്ചി കപ്പല്‍ശാലയെ ഏല്‍പ്പിച്ചു. കരാറുകാരെ ഒഴിവാക്കി സര്‍വീസ് ഏറ്റെടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ജില്ലാ പഞ്ചായത്ത് പാലിച്ചില്ലെന്നും സംസ്ഥാന വിജിലന്‍സിന്റെ അന്വേഷണം നിലനില്‍ക്കില്ലെന്ന ഉദ്ദേശ്യത്തിലാണ് കേന്ദ്ര ഏജന്‍സിയായ കൊച്ചി കപ്പല്‍ശാലയെ ഏല്‍പ്പിച്ചതെന്നും വിദ്യാസംഗീതിന്റെ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പ്രതികളെ രക്ഷിക്കുന്ന വിധത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നതായുള്ള ആക്ഷേപത്തില്‍ നേരത്തെ കേസില്‍ ത്വരിതാന്വേഷണം നടത്തിയ തൃശൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി.യുള്‍പ്പെടുന്ന സംഘത്തിനെതിരെയും അന്വേഷണം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: