ന്യൂദല്‍ഹി: ക്രിസ് മോറിസിന്റെ തകര്‍പ്പന്‍ പ്രകടനത്തിനും ദല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ തോല്‍വി ഒഴിവാക്കാനായില്ല. അവസാന പന്തു വരെ ആവേശകരമായ കളിയില്‍ ഒരു റണ്‍സിന് ദല്‍ഹിയെ കീഴടക്കി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി ഗുജറാത്ത്. മുന്‍നിര തകര്‍ന്ന് കളി കൈവിട്ടുവെന്നു കരുതിയ ദല്‍ഹിക്ക് പ്രതീക്ഷ സമ്മാനിച്ചത് ആറാമനായെത്തി 32 പന്തില്‍ നാലു ഫോറും എട്ടു സിക്സറും പറത്തി പുറത്താകാതെ 82 റണ്‍സെടുത്ത ക്രിസ് മോറിസ്.
നേരത്തെ, ബ്രെണ്ടന്‍ മക്കല്ലത്തെയും സുരേഷ് റെയ്നയെയും മടക്കി ദല്‍ഹിയെ മത്സരത്തിലേക്കു തിരികെയെത്തിച്ചതും മോറിസ്. ഈ പ്രകടനം കൡയിലെ താരമാക്കി ദക്ഷിണാഫ്രിക്കക്കാരനെ. സ്കോര്‍: ഗുജറാത്ത് ലയണ്‍സ് – 172/6 (20), ദല്‍ഹി ഡെയര്‍ഡെവിള്‍സ് – 171/5 (20).
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തുടങ്ങിയ ഗുജറാത്തിന് ബ്രെണ്ടന്‍ മക്കല്ലവും (60), ഡ്വെയ്ന്‍ സ്മിത്തും (53) തകര്‍പ്പന്‍ തുടക്കം നല്കി.
മക്കല്ലം 36 പന്തില്‍ ആറു ഫോറും മൂന്നു സിക്സറും സഹിതം 60 റണ്‍സെടുത്തപ്പോള്‍, സ്മിത്ത് 30 പന്തില്‍ അഞ്ച് ഫോറും മൂന്നു സിക്സറും സഹിതം 53 റണ്‍സെടുത്തു. ഇവര്‍ മടങ്ങിയ ശേഷം വന്നവര്‍ക്ക് കാര്യമായ പ്രകടനത്തിനാകാത്തത് ഗുജറാത്തിന് തിരിച്ചടിയായി. ദിനേശ് കാര്‍ത്തിക്കും (19), ജയിംസ് ഫൗള്ക്നറുമാണ് (22 നോട്ടൗട്ട്) പിന്നീട് രണ്ടക്കം കണ്ടത്. മൂന്നു വിക്കറ്റുമായി ഇമ്രാന് താഹിറും, ഒരു വിക്കറ്റെടുത്ത ജെ.പി. ഡുമിനിയും മോറിസിനു പിന്തുണ നല്കി.
ക്വിന്റണ്‍ ഡി കോക്കും (അഞ്ച്), സഞ്ജു സാംസണും (ഒന്ന്), കരുണ്‍ നായരും (ഒമ്പത്) വേഗം മടങ്ങിയതോടെ പ്രതിസന്ധിയിലായ ദല്‍ഹിയെ ജെ.പി. ഡുമിനിയും (48), ഐപിഎല്‍ അരങ്ങേറ്റക്കാരന്‍ റിഷഭ് പന്തുമാണ് (20) താങ്ങിനിര്‍ത്തിയത്. അവസാനം മോറിസ് കത്തിക്കയറിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. മൂന്നു വിക്കറ്റെടുത്ത ധവാല്‍ കുല്‍ക്കര്‍ണിയാണ് ഗുജറാത്ത് ബൗളര്‍മാരില്‍ തിളങ്ങിയത്. ഡ്വെയ്ന്‍ ബ്രാവോ, ജയിംസ് ഫൗള്‍ക്നര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: