കൂത്തുപറമ്പ്: ചെറുവാഞ്ചേരിയില്‍ സിപിഎമ്മുകാര്‍ സ്വകാര്യ വ്യക്തിയുടെ കടമുറി കയ്യേറിയതായി ഉടമയുടെ പരാതി. കടമുറി തകര്‍ത്തെന്ന ആരോപണത്തില്‍ സിപിഎമ്മുകാര്‍ നല്കിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത കണ്ണവം എസ്ഐ എം.ജെ.ഷൈജുവിന് കടയുടമ ചെറുവാഞ്ചേരി അമൃതപുരിയില്‍ ഗൗരി വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. ഗൗരിയുടെയും മക്കളുടെയും ഉടമസ്ഥതയില്‍ ചെറുവാഞ്ചേരി ടൗണിലുള്ള കടമുറിയില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസ് പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തകര്‍ത്തുവെന്നാരോപിച്ച് ഒന്നില്‍ കൂടുതല്‍ തവണ സിപിഎമ്മുകാര്‍ കണ്ണവം സ്റ്റേഷനില്‍ കള്ള പരാതി നല്‍കിയിരുന്നു. കെട്ടിടത്തില്‍ സിപിഎം ഓഫീസ് പ്രവര്‍ത്തിക്കുന്നില്ലെന്ന് ബോധ്യമുണ്ടായിട്ടും കണ്ണവം എസ്ഐ എം.ജെ.ഷൈജു ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പേരില്‍ കേസെടുക്കുകയായിരുന്നു. ചെറുവാഞ്ചേരിയില്‍ യാതൊരു സ്വാധീനവുമില്ലാത്ത സിപിഎം തന്റെ അനുമതിയോ സമ്മതമോ ഇല്ലാതെ പീടിക മുറിയില്‍ അധിക്രമിച്ച് കടന്ന് പാര്‍ട്ടിയുടെ കൊടി കെട്ടുകയായിരുന്നുവെന്ന് പരാതിക്കാരി എസ്ഐക്ക് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഇത് പീടിക മുറിക്ക് മേലുള്ള നഗ്നമായ കയ്യേറ്റമാണ്. പീടികയില്‍ ഇല്ലാത്ത അവകാശം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായ പോലീസ് അധികൃതര്‍ യാതൊരു അടിസ്താനവുമില്ലാതെ നിരവധി കേസുകള്‍ കെട്ടിച്ചമക്കുകയാണ്. പീടിക മുറികള്‍ നിയമാനുസൃതമായി കച്ചീട്ട് പ്രകാരം മാത്രമേ കൈമാറാന്‍ സാധിക്കുകയുള്ളു. അത്തരമൊരു കച്ചീട്ടും സിപിഎമ്മിന് നല്‍കിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ കച്ചീട്ട് പ്രകാരം കടമുറികള്‍ ഏറ്റെടുത്ത ആര്.വി.ശശി, പി.പുരുഷു, കെ.ശശി എന്നിവര്‍ക്ക് പോലീസിന്റെ നിരന്തരമായ ഇടപെടല്‍ കാരണം കച്ചവടം ചെയ്യാന്‍ സാധിക്കുന്നില്ല. സിപിഎമ്മുകാര്‍ കടമുറി കയ്യേറിയതിനാല്‍ കടമുറി എടുത്തവര്‍ക്ക് കച്ചവടം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. പോലീസിന്റെ ഇടപെടല്‍ കാരണം കക്ഷിളുടെ ഉപജീവന മാര്‍ഗം പോലും വഴിമുട്ടിയ നിലയിലാണെന്നും രണ്ട് ലക്ഷത്തോളും നഷ്ടമുണ്ടായതായും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: