കുന്നത്തൂര്‍: ‘കമ്മ്യൂണിസ്റ്റ് ഭീകരതയുടെ കൂട്ടിലടയ്ക്കപ്പെട്ട കിളിയായിരുന്നു ഞാന്‍. എനിക്ക് സ്വതന്ത്രനായി പറക്കാന്‍ കഴിയാതെ അവര്‍ എന്റെ ചിറക് കെട്ടി. കാലങ്ങളായി അവരെന്നെ വരുതിയില്‍ നിറുത്തി. എന്നാല്‍ ഇപ്പോള്‍ ഞാന്‍ സ്വതന്ത്രനായി.’ കുന്നത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കോവൂര്‍ കുഞ്ഞുമോന് രണ്ട് വര്‍ഷം മുമ്പ് ശൂരനാട് വടക്ക് പാറക്കടവില്‍ നടത്തിയ പ്രസംഗമായിരുന്നു ഇത്.
ആര്‍എസ്പി ഇടതുപക്ഷത്ത് നിന്നും തല്ലിപ്പിരിഞ്ഞ് യുഡിഎഫില്‍ വന്ന കാലമായിരുന്നു അത്. കൊല്ലം പാര്‍ലമെന്റ് സീറ്റിന് വേണ്ടി യുഡിഎഫ് പാളയത്തില്‍ ചേക്കേറിയ പ്രേമചന്ദ്രനും കുഞ്ഞുമോനുമടക്കം യുഡിഎഫിന്റെ പ്രചാരണവുമായി നിറഞ്ഞുനിന്ന കാലം. കമ്മ്യൂണിസ്റ്റുകാരെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ച കോണ്‍ഗ്രസുകാര്‍ക്കൊപ്പം നൂറോളം വേദികളിലായിരുന്നു കുഞ്ഞുമോന് കയറിയത്.
പൊറുതി മുട്ടിയ കമ്മ്യൂണിസ്റ്റുകാര്‍ ശൂരനാട് വടക്ക് കുഞ്ഞുമോന്റെ പ്രസംഗവേദിയില്‍ കയറി അസഭ്യം പറഞ്ഞിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞുള്ള കുഞ്ഞുമോന്റെ ഇപ്പോഴത്തെ നിലപാട് മാറ്റമാണ് പരമദയനീയം. അന്ന് അടച്ചാക്ഷേപിച്ച സിപിഎം നേതാക്കളെ ഇന്ന് കുഞ്ഞുമോന് വാനോളം പുകഴ്ത്തുകയാണ്. സിപിഎമ്മുകാര്‍ക്ക് കുഞ്ഞുമോനാകട്ടെ എല്ലാം തികഞ്ഞ ഒരു സഖാവും.
നാണം കേട്ട രാഷ്ട്രീയ പാപ്പരത്തം നേര്‍ക്കാഴ്ചയാകുന്നത് കുന്നത്തൂരാണ്. അധികാരക്കൊതിമൂത്ത് എംഎല്എയാകാനായാണ് കുഞ്ഞുമോന് ആര്‍എസ്പിക്കാര്‍ക്ക് പാലില്‍ പണികൊടുത്ത് എല്‍ഡിഎഫില്‍ വന്നത്. ആര്‍എസ്പി ലനിനായത് വളരെ പെട്ടെന്നായിരുന്നു. എല്‍ഡിഎഫിനാണ് ഇവിടെ വിജയ സാധ്യതയെന്നും തന്റെ പാരമ്പര്യം വച്ച് ഒരു പക്ഷേ മന്ത്രിവരെയാകാന് കഴിഞ്ഞേക്കും എന്നുമുള്ള ദിവാസ്വപ്നമാണ് കുഞ്ഞുമോനെ മറുകണ്ടം ചാടാന്‍ പ്രേരിപ്പിച്ചത്.
കുഞ്ഞുമോനെ എല്‍ഡിഎഫില്‍ കൊണ്ടുവരാന്‍ ഏറെ പണിപ്പെട്ട കുന്നത്തൂര്‍ ഏരിയ സെക്രട്ടറി പി.കെ. ഗോപന് പ്രധാനമായും മറ്റൊരു ഉദ്ദേശ്യമായിരുന്നു. കുന്നത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ തയാറെടുത്തുനിന്ന സോമപ്രസാദിനെ ഒതുക്കാന്‍ കുഞ്ഞുമോന് എല്‍ഡിഎഫില്‍ വരണം. എം.വി. ഗോവിന്ദനും ജയരാജനുമടക്കമുള്ള സിപിഎമ്മിലെ പ്രമുഖരെ മുന്‍നിര്‍ത്തി ഈ ശ്രമം വിജയകരമായി നടപ്പാക്കുകയായിരുന്നു. എന്നാല്‍ കണക്കുകൂട്ടല്‍ തെറ്റിച്ച് സോമപ്രസാദിനെ രാജ്യസഭയിലേക്ക് പാര്‍ട്ടി നോമിനേറ്റ് ചെയ്തത് ഗോപനും വലിയ അടിയായി മാറുകയായിരുന്നു.
കുഞ്ഞുമോന് ഇപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ക്ക് വല്യമോന് ആയി എങ്കിലും രണ്ട്വര്‍ഷം മുമ്പ് യുഡിഎഫ് പാളയത്തിലിരുന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ചീത്തവിളിച്ചത് കൊണ്ടാകാം കുഞ്ഞുമോന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂട് വര്‍ദ്ധിക്കാതിരുന്നത്. അല്ലെങ്കില്‍ കുഞ്ഞുമോനെ ഉള്‍കൊള്ളാന്‍ കഴിയില്ലെന്ന കുന്നത്തൂരിലെ സിപിഎമ്മുകാരുടെ പിടിവാശി. കുന്നത്തൂരില്‍ തെരഞ്ഞെടുപ്പ് ചൂടില്‍ പിന്നിലേക്ക് പോകുകയായിരുന്നു ഇടതുപക്ഷം. സ്ഥാനാര്‍ത്ഥി പര്യടനം നടത്തുന്നുണ്ടെങ്കിലും അത് താഴെത്തട്ടിലേക്ക് എത്തുന്നില്ലയെന്നത് ശ്രദ്ധേയമാണ്.
കുന്നത്തൂരില്‍ അടുത്തകാലത്ത് ഡിവൈഎഫ്ഐയിലുണ്ടായ പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കും പാര്‍ട്ടിയെ കാര്യമായി ബാധിച്ചു. യുഡിഎഫില്‍ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരും പടല പിണക്കവും ഇനിയും ഒത്തു തീര്‍ന്നിട്ടില്ല. അതിനുപരി ആരുമറിയാത്ത ഉല്ലാസ് കോവൂരിനെ കോവൂര്‍ കുഞ്ഞുമോന്റെ കുടുംബത്തില്‍ നിന്നും എന്ന ഒറ്റ ഉദ്ദേശത്തിലാണ് തെരഞ്ഞെടുപ്പില്‍ കെട്ടിയിറക്കിയിരിക്കുന്നത്. എടുത്തുപറയത്തക്ക രാഷ്ട്രീയ പാരമ്പര്യമോ ഏതെങ്കിലും പ്രക്ഷോഭപരിപാടികളില്‍ പങ്കെടുത്ത അനുഭവ സമ്പത്തോ പറയാനില്ലാത്ത ഉല്ലാസിനെ സ്ഥാനാര്ത്ഥിയാക്കിയതുതന്നെ കോണ്‍ഗ്രസിന്റെ പ്രബല വിഭാഗത്തിന്റെ എതിര്‍പ്പിനെ അവഗണിച്ചാണ്.
ഈ സാഹചര്യങ്ങളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തഴവാ സഹദേവന് ലഭിച്ചിട്ടുള്ള അനുകൂല ഘടകങ്ങള്‍, നല്ല പ്രാസംഗികന്, നല്ല സംഘാടകന്‍, അരിപ്പാഭൂസമരമുള്പ്പടെ പ്രക്ഷോഭപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള പാരമ്പര്യം. സമത്വ മുന്നേറ്റയാത്രയുടെ മുന്നിരനേതാക്കളിലൊരാള്. കൂടാതെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹ്യനീതി സമരങ്ങളിലെ പോരാളി….. നിരവധി അനുഭവ സമ്പത്തിനുടമയാണ് തഴവാസഹദേവന്.
കുന്നത്തൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ കണ്വെന്ഷന് തെളിയിച്ചത് കുന്നത്തൂരില്‍ വരാന്‍ പോകുന്ന മാറ്റത്തിന്റെ സൂചന തന്നെയായിരുന്നു. ഇടത്-വലത് മുന്നണികളെ പിന്നാലക്കി പ്രചാരണ രംഗത്തും മുന്നില്‍ തന്നെയാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി. കുന്നത്തൂരില്‍ വിജയത്തിനപ്പുറം ഒന്നും തന്നെയില്ലെന്ന് മുന്നണി നേതാക്കളും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: