കണ്ണൂര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ അഴീക്കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി.നികേഷ്കുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചു. നികേഷ്കുമാര്‍ അന്‍പത്തിരണ്ട് ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന പരാമര്‍ശത്തിനെതിരെയാണ് പരാതി. പരാമര്‍ശിക്കപ്പെട്ട കേസുകളൊന്നും വ്യക്തിപരമായി നികേഷിന് ബാധ്യതയുളളവയെന്ന് അറിഞ്ഞിട്ടും ബോധപൂര്‍വ്വം അപകീര്‍ത്തിപെടുത്തുകയാണ് ചെന്നിത്തല ലക്ഷ്യമിടുന്നതെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. കമ്പനി നിയമപ്രകാരം മാത്രമുളള കേസുകളാണ് ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നത്. വ്യക്തിപരമായി ആരെയും കബളിപ്പിച്ചിട്ടില്ലെന്ന് ഈ കേസുകള്‍ പരിശോധിച്ചാല്‍ തന്നെ വ്യക്തമാവും. ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് എംഡി എന്ന നിലയില്‍ ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന്റെ ഭാഗമായി മാത്രമുണ്ടായതാണ് ഇവ. നിയമപ്രകാരം ഈ കേസുകള്‍ പിന്നീട് ഒത്തുതീര്‍പ്പാക്കാന്‍ കഴിയുന്നവയുമാണ്. ഇക്കാര്യം അറിഞ്ഞ് വച്ചു കൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തന്നെ മനപൂര്‍വ്വം അപമാനിക്കാനും വോട്ടര്‍മാരെ അന്യായമായി സ്വാധീനിക്കാനും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനും ലക്ഷ്യമിട്ടുളളതാണ് ചെന്നിത്തലയുടേത്. പതിനഞ്ച് ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഫേസ്ബുക്ക് ഉള്‍പ്പടെയുളള സോഷ്യല്‍ മീഡിയ വഴിയും ചെന്നിത്തല അപമാനകരമായ പരാമര്‍ശങ്ങള്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ രമേശ് ചെന്നത്തലക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും കണ്ണൂര്‍ ജില്ലാ പോലീസ് ചീഫിനും ഇതു സംബന്ധിച്ച് നികേഷ്കുമാര്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: