കണ്ണൂര്‍: മലയാള സിനിമാരംഗത്തെ മണ്‍മറഞ്ഞ എഴുത്തുകാരുടെയും സംഗീത സംവിധായകരുടെയും ഗായകരുടെയും ഗാനങ്ങള്‍ക്ക് നൃത്തവിഷ്‌കാരം നല്‍കുന്ന മെഗാഷോ ഇന്ന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത നൂറോളം കലാപ്രതിഭകള്‍ ചുവടുവെക്കുന്ന നൃത്തസന്ധ്യ കണ്ണൂരിന് പുതിയ ആസ്വാദന അനുഭവമായിരിക്കും. വൈകുന്നേരം 6 മുതല്‍ 9 മണി വരെയാണ് പരിപാടി. തിരക്കഥാകൃത്ത് ജെ.പള്ളാശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ദൃശ്യം ഫെയിം അന്‍സിബ മുഖ്യാതിഥിയായിരിക്കും. ചലച്ചിത്ര സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
ക്രിയേറ്റീവ്‌സ് കണ്ണൂര്‍ എന്ന സാംസ്‌കാരിക സംഘടനയാണ് ഈ അപൂര്‍വ്വ നൃത്തവിരുന്ന് സംഘടിപ്പിക്കുന്നത്. വി.സി.സുധന്‍ സംവിധാനം നിര്‍വഹിക്കുന്ന പരിപാടിയുടെ കോറിയോഗ്രാഫി നിര്‍വഹിക്കുന്നത് മിജ ഗിരീഷാണ്. ശ്രീകല പ്രശാന്താണ് നിര്‍മ്മാണം. പ്രവേശനം സൗജന്യമാണ്.
















