ആലപ്പുഴ: ശുദ്ധജലക്ഷാമം മൂലം വലയുന്ന കുട്ടനാട്ടില്‍ വേറിട്ട പ്രചാരണവുമായി എന്‍ഡിഎ. എന്‍ഡിഎ കുട്ടനാട് നിയോജകമണ്ഡലം മഹിളാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കുടിനീര്‍ യാത്രയാണ് വേറിട്ട തെരഞ്ഞെടുപ്പ് പ്രചാരമായി മാറുന്നത്.
പതിറ്റാണ്ടുകളായി കുട്ടനാടന്‍ ജനതയുടെ നീറുന്ന പ്രശ്‌നമാണ് കുടിവെള്ള ക്ഷാമം, മണ്ഡലത്തെ മാറിമാറി പ്രതിനിധീകരിച്ച ഇടതുവലതു മുന്നണികള്‍ക്കും, കഴിഞ്ഞ പത്തുവര്‍ഷം തുടര്‍ച്ചയായി കുട്ടനാടിനെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധിക്കോ ഈ വിഷയം പരിഹരിക്കാന്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എല്ലാ തെരഞ്ഞെടുപ്പുകളിലും കുടിവെള്ള ക്ഷാമം പ്രധാന ചര്‍ച്ചാവിഷയമാകുമെങ്കിലും ഇരു മുന്നണികളും വാഗ്ദാനങ്ങള്‍ നല്‍കി വോട്ടര്‍മാരെ കബളിപ്പിക്കുകയാണ് പതിവ്.
ഇക്കുറി അത് അനുവദിക്കില്ല എന്ന് വ്യക്തമാക്കുന്നതാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്ന കുടിനീര്‍യാത്ര. ശുദ്ധജലക്ഷാമത്തിന്റെ കെടുതി കൂടുതല്‍ അനുഭവിക്കുന്നത് നിത്യവും സ്ത്രീകളാണ്. ശുദ്ധജലത്തിനായി അര്‍ദ്ധരാത്രിയിലും ഉറക്കമുണര്‍ന്ന് കാത്തിരിക്കേണ്ട ഗതികേടിലാണിവര്‍. കിലോമീറ്ററുകളോളം കാല്‍നടയായും, വള്ളത്തിലും യാത്ര ചെയ്താണ് അത്യാവശ്യം വെള്ളം പോലും സംഭരിക്കുന്നത്. അതും വല്ലപ്പോഴും മാത്രമാണ് ശുദ്ധജലം നാമമാത്രമായെങ്കിലും ലഭിക്കുന്നത്. ഇത്തരം അടിസ്ഥാന വിഷയങ്ങള്‍ ഉയര്‍ത്തികാട്ടി വോട്ടര്‍ മാരെ നേര് ബോദ്ധ്യപ്പെടുത്തിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുഭാഷ് വാസുവിന്റെ പ്രചാരണം ഊര്‍ജിതമായി നടക്കുന്നത്.
ഇന്നലെ രാവിലെ കൈനകരിയിലെ ആറ്റുവാത്തലയില്‍ നിന്നാണ് കുടിനീര്‍ യാത്ര തുടങ്ങിയത്. ബിഡിജെഎസ് ജില്ലാ വൈസ്പ്രസിഡന്റ് പുഷ്പാ ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കുടിനീര്‍ കുടത്തില്‍ നല്‍കിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്. ജാഥാ ക്യാപ്റ്റന്‍ വിധു പ്രസാദും, വൈസ് ക്യാപ്റ്റന്‍ ജയാ അജയകുമാറുമാണ്. നൂറുകണക്കിന് സ്ത്രീകളാണ് യാത്രയില്‍ അണിനിരന്നത്. വൈകിട്ട് നാലിന് കാവാലം ലിസിയോയില്‍ സമാപിച്ചു.
ഇന്ന് ഊരുക്കരിയില്‍ നിന്നും ആരംഭിക്കുന്ന യാത്ര കൊല്ലം എസ്എന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷെര്‍ളി വി. ആനന്ദ് ഉദ്ഘാടനം ചെയ്യും. വൈകിട്ട്് നാലിന് തലവടിയില്‍ സമാപിക്കുന്ന യാത്ര എസ്എന്‍ ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടനാടിനെ മൂന്ന് മേഖലകളായി തിരിച്ച് കുട്ടനാട് രക്ഷായാത്രകളും എന്‍ഡിഎ സംഘടിപ്പിച്ചിരുന്നു. വേറിട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി എന്‍ഡിഎ ഇരുമുന്നണികളെയും പിന്നിലാക്കി കഴിഞ്ഞു.
















