വടക്ക് ചവറ മുതല്‍ തെക്ക് നീണ്ടകര വരെ നീണ്ടു കിടക്കുന്ന അതിവിശാലമായ പാര്‍ട്ടി…. കേരള രാഷ്ട്രീയത്തില്‍ ആര്‍എസ്പിയുടെ വിശേഷണം ഇങ്ങനെ. എല്ലാവരുടെയും ചേട്ടനായി അറിയപ്പെട്ടിരുന്ന എന്‍. ശ്രീകണ്ഠന് നായരായിരുന്നു ആര്‍എസ്പിയുടെ ജീവാത്മാവും പരമാത്മാവും. സ്വതന്ത്ര കേരള റിപ്പബ്ലിക്ക് എന്ന ആശയത്തോട് വിയോജിച്ചാണ് കേരളാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് 1949 ല്‍ ശ്രീകണ്ഠന് നായരും കൂട്ടരും പുറത്ത് വന്ന് ആര്എസ്പിയില് ചേര്‍ന്നത്.
1940 മുതല്‍ തൃദിപ് ചൗധരിയുടെ നേതൃതത്തില്‍ ദേശീയതലത്തില്‍ ആര്‍എസ്പി പ്രവര്‍ത്തിച്ചിരുന്നു. ശ്രീകണ്ഠന് നായര്‍ക്കൊപ്പം കെ.ബാലകൃഷ്ണനും ടി.കെ ദിവാകരനും ആര്‍എസ്പിക്കാരായി.1969ല്‍ സി.അച്യുതമേനോന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ തട്ടിക്കൂട്ടു മന്ത്രിസഭയില്‍ ആര്എസ്പിക്കാരായ ടി.കെ ദിവാകരനും ബേബി ജോണും മന്ത്രിമാരായി. അഖിലേന്ത്യാ ആര്‍എസ്പിയുടെ അനുവാദമില്ലാതെയായിരുന്നു ഇത്. ശ്രീകണ്ഠന് നായരുടെ പാര്‍ട്ടി അതോടെ ദേശീയ പാര്‍ട്ടിയുമായുള്ള ബന്ധം മുറിച്ച് കേരള ആര്‍എസ്പിയായി.
പിന്നീട് ദേശീയ ആര്‍എസ്പി എന്ന ചെറുകഷണം സിപിഎം മുന്നണിയില്‍ ചേക്കേറി. സ്ഥാപക നേതാവായ ശ്രീകണ്ഠന് നായരെക്കാള്‍ പിന്നീട് ആര്‍എസ്പിയും അതിന്റെ നേതാക്കളും വളര്‍ന്നു. ബേബി ജോണാകട്ടെ വലിയ രാഷ്ട്രീയതന്ത്രജ്ഞനായി. ‘കേരള കിസിഞ്ജര്‍’ എന്ന പേരും ലഭിച്ചു.
ശ്രീകണ്ഠന് നായര്‍ ആദ്യം എംഎല്‍എയും പിന്നീട് കൊല്ലത്തു നിന്നുള്ള സ്ഥിരം എംപിയുമായി. 1990 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രീകണ്ഠന് നായര്‍ക്ക് യാതൊരു താല്പര്യവുമില്ലായിരുന്നു. അനുചരര്‍ നിര്‍ബന്ധിച്ചു നിര്‍ത്തി. തോല്‍വിയായിരുന്ന ഫലം. അപ്പോഴേക്കും അധികാരത്തില്‍ എത്തിയ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ ആര്എസ്പിക്കാര് കയറിപ്പറ്റിയിരുന്നു.
ക്രുദ്ധനായ ശ്രീകണന്‍ നായര്‍ ആര്‍എസ്പി മന്ത്രിമാരുടെ പിടിപ്പുകേടിനെ രൂക്ഷമായി വിമര്‍ശിച്ചു. ഇതില്‍ പ്രതിഷേധിച്ച് 6 എംഎല്‍എമാരില്‍ 5 പേരും ശ്രീകണന്‍ നായര്‍ക്കെതിരെ തിരിഞ്ഞു. കടവൂര്‍ ശിവദാസന്‍ മാത്രമാണ് ശ്രീകണ്ഠന് നായര്‍ക്കൊപ്പം നിന്നത്. ശ്രീകണ്ഠന് നായരുടെ ആര്‍എസ്പിയെ സിപിഎം പുറത്താക്കി. അതോടെ ആര് എസ് പി കേരള രാഷ്ട്രീയത്തില്‍ ഇല്ലാതായി. കടവൂര്‍ ശിവദാസന്‍ കോണ്‍ഗ്രസില്‍ ചേക്കേറി സത്വഭാവം ആര്‍ജ്ജിച്ചു. തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായിരുന്നു ഒരു കാലത്ത് ശ്രീകണ്ഠന് നായര്‍. സര് സിപി യെ കെ സി എസ് മണി വെട്ടിയതിന്റെ പിന്നിലും ശ്രീകണ്ഠന്റെ കരങ്ങളുണ്ടായിരുന്നു. ഒടുവില്‍ സ്വന്തം അനുചരരാല് തന്നെ കാലുവാരപ്പെടുകയും തള്ളിപ്പറയുകയും ചെയ്യപ്പെട്ടപ്പോള്‍ അദേഹത്തിന്റെ അന്ത്യവും വേഗത്തില്‍ സംഭവിച്ചു.
ഷിബു ബേബി ജോണ്‍, അസീസ്, പ്രേമചന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് കഷണങ്ങളായി കഴിഞ്ഞു വന്ന ആര്‍എസ്പി പിണറായി വിജയന്റെ രാഷ്ടീയ തന്ത്രത്താല്‍ ഒരുമിച്ച് ചേരാനിടയായി. പരനാറി പ്രയോഗത്താല്‍ ഇരുകക്ഷികളും ലയിച്ച് ഇരുമ്പുരുക്ക് പോലെയുമായി. ആനയില്ലെങ്കിലെന്താ സിപിഎമ്മിനും കിട്ടി ഒരു ആനപ്പിണ്ഡം. കോവൂര്‍ കുഞ്ഞുമോന് എന്ന ചിന്നക്കഷണം. കേരളത്തില്‍ ആര്‍എസ്പി കോണ്‍ഗ്രസ് മുന്നണിയില്‍ ചേക്കേറിയത് ബംഗാള്‍ ആര്‍എസ്പിയെ വിഷണ്ണരാക്കിയിരുന്നു. ഇപ്പോള്‍ എല്ലാം ശരിയായി. സിപിഎം കോണ്‍ഗ്രസ്, ആര്‍എസ്പി തുടങ്ങിയ കക്ഷികളൊക്കെ ഇപ്പോള്‍ ഒരേ തൂവല്‍പക്ഷികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: