ശ്രീകണ്ഠാപുരം: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഏരുവേശി പഞ്ചായത്തിലെ 109-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതായുള്ള കേസില്‍ 4 പോളിംഗ് ഉദ്യോഗസ്ഥരെ കുടിയാന്മല പോലീസ് അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പ് ദിവസം പ്രസ്തുത ബൂത്തിന്റെ ചുമതല വഹിച്ചിരുന്ന പോളിംഗ് ഉദ്യോഗസ്ഥരായ കാടാച്ചിറ ഹൈസ്ക്കൂള് അധ്യാപകന് വി.കെ.സജീവന്, പഴയങ്ങാടി സബ്ബ് രജിസ്ട്രാര്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് കെ.വി.സന്തോഷ്കുമാര്‍, പൊറക്കുളം കോളേജ് സീനിയര്‍ ഓഫീസര്‍ എ.സി.സൂദീപ്, തലശേരി വാട്ടര്‍അതോറിറ്റി മീറ്റര്‍ റീഡിംഗ് ഓഫീസിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഷജിനേഷ് എന്നിവരാണ് അറസ്റ്റിലായത്. വോട്ടെടുപ്പ് ദിവസം സ്ഥലത്തില്ലാതിരുന്നവരും കിടപ്പുരോഗികളുമായ 59 പേരുടെ വോട്ടുകള്‍ വ്യാജമായി ചെയ്യാന്‍ കേസിലെ പ്രതികളായ 25 ഓളം സിപിഎം പ്രവര്‍ത്തകരെ സഹായിച്ചു എന്നതാണ് ഇവരുടെ പേരിലുള്ള കുറ്റം. കള്ളവോട്ട് ചെയ്തവര്‍ക്ക് വ്യാജ സ്ലിപ്പുകള്‍ എഴുതി നല്കിയ ബൂത്ത് ലെവല്‍ ഓഫീസര്‍ കെ.വി.അശോക് കുമാറാണ് കേസിലെ ഒന്നാം പ്രതി. പോളിംഗ് ഓഫീസര്‍മാരുടെ അറസ്റ്റോടെ കേസിലെ ആകെ പ്രതികളുടെ എണ്ണം 30 ആയി. 2014 ഏപ്രില്‍ 10 ന് നടന്ന വോട്ടെടുപ്പിലെ ക്രമക്കേട് സംബന്ധിച്ച് അന്ന് തന്നെ കുടിയാന്മല പോലീസിന് പരാതി നല്‍കിയിരുന്നു.
പ്രസ്തുത ബൂത്തില്‍ ക്രമക്കേടൊന്നും നടന്നിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയത്. കേസില്‍ തുടര്‍ നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്ന് ഏരുവേശി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ജോസഫ് കൊട്ടുകപ്പള്ളിയാണ് ഹൈക്കോടതിയില്‍ റിട്ട് നല്‍കിയത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വീണ്ടും അന്വേഷണം നടത്തിയ പോലീസ് കള്ളവോട്ട് നടന്നതായി സ്ഥിതീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്യസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും വിവിധ സൈനികവിഭാഗങ്ങളിലും ജോലി ചെയ്യുന്നവരും വോട്ടെടെപ്പ് ദിവസം സ്ഥലത്തെത്തിയിട്ടില്ലാത്തവരുമായ 56 പേരുടെ വോട്ടുകള്‍ മറ്റ് ചിലയാളുകള്‍ ചെയ്തതായി കണ്ടെത്തി. ഇതിന് ബൂത്തില്‍ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥരും കൂട്ടു നിന്നതായാണ് കേസ്. ഇതിനിടെ സൈന്യത്തില്‍ നിന്നും വിദേശത്തു നിന്നും അവധിയിലെത്തിയ ചിലര്‍ തങ്ങള്‍ വോട്ടു ദിവസം സ്ഥലത്തെത്തിയിരുന്നില്ലെന്നും പോലീസില്‍ മൊഴി നല്കിയിട്ടുള്ളതായും അറിയുന്നു. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കള്ളവോട്ട് കേസുകളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുന്നതിനാല്‍ ഈ കേസ് സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധനേടുകയാണ്. ഇന്നലെ അറസ്റ്റിലായ 4 പോളിംഗ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്ത് മൊഴിയെടുത്ത ശേഷം പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: