തിരുവല്ല: സമൂഹത്തിന് അസാധാരണമായ അനുഗ്രഹങ്ങള്‍ ചൊരിയുന്ന മെത്രാപ്പോലിത്തയാണ് മാര്‍ ക്രിസോസ്റ്റമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തായുടെ 99-ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കമുള്ള വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുവാനായി 99-ാംവയസ്സിലും മാര്‍ ക്രിസോസ്റ്റം നടത്തുന്ന അക്ഷീണപരിശ്രമം സമൂഹത്തിന് മാതൃകാപരമാണ്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വഴികാട്ടിയാകുവാനും നര്‍മ്മത്തിലൂടെ ആശയങ്ങള്‍ പങ്കുവയ്ക്കാനും ക്രിസോസ്റ്റത്തിന് പ്രായം ഒരു തടസ്സമാകുന്നില്ല. തിരുമേനിക്കൊപ്പം ശതാബ്ദിയാഘോഷം പങ്കിടാന്‍ കഴിയണമെന്ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന് ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലിത്ത അധ്യക്ഷ പ്രസംഗത്തില്‍ ആഗ്രഹം പ്രകടിപ്പിച്ചു. ക്രിസോസ്റ്റത്തിന്റെ നവതിയാഘോഷ വേളയില്‍ ബിജെപി നേതാവ് എല്‍.കെ അദ്വാനി ഈ ആഗ്രഹം പ്രകടിപ്പിച്ചതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മാര്‍ ക്രിസോസ്റ്റത്തിന്റെ 99-ാംപിറന്നാള്‍ ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ 67-ാംപിറന്നാളായിരുന്നു ഇന്നലെ. പിറന്നാള്‍ ആശംസ ഗവര്‍ണ്ണറും മാര്‍ ക്രിസോസ്റ്റവും പരസ്പരം കൈമാറി. സഭാധ്യക്ഷന് ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലിത്ത പൂച്ചെണ്ട് നല്കി ഗവര്‍ണ്ണറെ അനുമോദിച്ചു. ശുദ്ധജലവും ശുദ്ധവായുവും പാര്‍പ്പിടവും ആരോഗ്യവുമെല്ലാം എല്ലാവര്ക്കും ലഭിക്കാനുള്ള സാഹചര്യം നാട്ടില്‍ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് മാര്‍ ക്രിസോസ്റ്റം പറഞ്ഞു.
ഓര്‍ത്തഡോക്സ് സുറിയാനി സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് അത്താനാസ്യോസ് മെത്രാപ്പോലീത്താ, യാക്കോബാ സഭ അങ്കമാലി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ, ഗീവര്‍ഗീസ് മാര്‍ അത്താനാസ്യോസ് സഫ്രഗന്‍ മെത്രാപ്പോലീത്താ, സീനിയര്‍ വികാരി ജനറാള്‍ റവ. റ്റി.കെ. മാത്യു എന്നിവര്‍ പ്രാര്‍ത്ഥന നടത്തി. ബാലാവകാശ കമ്മീഷന് അധ്യക്ഷ ശോഭാ കോശി, സഭാ സെക്രട്ടറി റവ.ഉമ്മന്‍ ഫിലിപ്പ്, വൈദിക ട്രസ്റ്റി റവ.ലാല്‍ ചെറിയാന്, അത്മായ ട്രസ്റ്റി അഡ്വ. പ്രകാശ് പി. തോമസ് എന്നിവര്‍ പ്രസംഗിച്ചു. രാവിലെ സഭാ ആസ്ഥാനത്തെ പള്ളിയില്‍ കുര്‍ബ്ബാനയോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. മത, സാമൂഹിക, സാംസ്ക്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ വലിയ തിരുമേനിക്ക് സ്നേഹാദരവുകളുമായി എത്തിച്ചേര്‍ന്നു.
വലിയ മെത്രാപ്പോലീത്തയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
ന്യൂദല്‍ഹി: മാര്‍ത്തോമാസഭയുടെ പരമാധ്യക്ഷന്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് ജന്മദിനാശംസകള് നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അറിവിന്റെ ഭണ്ഡാരമാണ് വലിയ തിരുമേനിയെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു.
വലിയ മെത്രാപ്പോലീത്തയുടെ 99-ാം ജന്മദിനത്തിന് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി ക്രിസോസ്റ്റം തിരുമേനിക്ക് ആയുരാരോഗ്യമുണ്ടാകട്ടേയെന്ന്് പ്രാര്‍ത്ഥിക്കുകയും ചെയ്തു.
കഴിഞ്ഞ മാസം ന്യൂദല്‍ഹിയിലെത്തിയ ക്രിസോസ്റ്റം മെത്രാപ്പോലീത്ത പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മെത്രാപ്പോലീത്തയുമായുള്ള ഹൃദ്യമായ കൂടിക്കാഴ്ചയെപ്പറ്റിയും മോദി ട്വിറ്ററിലൂടെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: