സംസ്ഥാനത്തെ പ്രമുഖ നേതാക്കളില്‍ പലരും ഒരേ നിയോജകമണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായോ അല്ലെങ്കില്‍ ഇടവിട്ടോ വിജയിച്ച ചരിത്രമാണുള്ളത്. ഉദാഹരണമായി പാലാ നിയോജകമണ്ഡലത്തിന്റെ രൂപവത്കരണം മുതല്‍ (1965) മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത് കെ. എം. മാണിയാണ്. അദ്ദേഹം ഇതിനകം നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സുവര്‍ണജൂബിലിയും ആഘോഷിച്ചുകഴിഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാകട്ടെ 1970 മുതല്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നുമാണ് ജയിച്ചുവരുന്നത്. ഇരുവരും ജനസമ്മിതി ഉണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും മറ്റൊരു മണ്ഡലത്തിലും മത്സരിക്കുവാനുള്ള ചങ്കൂറ്റം കാണിച്ചിട്ടില്ല.
അതേസമയം കേരളത്തില്‍ ഏറ്റവുമധികം നിയോജകമണ്ഡലങ്ങളില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയെന്ന റെക്കോഡ് പ്രമുഖ സിഎംപി നേതാവായ അന്തരിച്ച എം. വി. രാഘവന്റെ പേരിലാണ്. മാടായി (1970) തളിപ്പറമ്പ് (1977), കൂത്തുപറമ്പ് (1980), പയ്യന്നൂര്‍ (1982), അഴിക്കോട് (1987), കഴക്കൂട്ടം (1991), തിരുവനന്തപുരം വെസ്റ്റ് (2001) എന്നീ നിയോജകമണ്ഡലങ്ങളെ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്.
എന്നാല്‍ 2006 ല്‍ പത്തനംതിട്ടയിലും ,2011 ല്‍ നെന്മാറയിലും തോറ്റു. ഇതില്‍ പയ്യന്നൂര്‍വരെയുള്ള തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലായിരുന്നു. അഴിക്കോട്ടും, കഴക്കൂട്ടത്തും സിഎംപിക്കാരനായും. മത്സരിച്ച മണ്ഡലം മുഴുവന്‍ വ്യത്യസ്ത മണ്ഡലങ്ങളായിരുന്നു എന്നതാണ് ശ്രദ്ധേയം. മന്ത്രിയായാപ്പോഴാകട്ടെ സഹകരണ വകുപ്പും മാത്രമാണ് കൈകാര്യം ചെയ്തത്.
കെ. ആര്. ഗൗരിയമ്മ അരൂര്‍ മണ്ഡലത്തെയാണ് എട്ട് തവണ പ്രതിനിധാനം ചെയ്തത്. പിന്നീട് ചേര്‍ത്തലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും പ്രായംകൂടിയ നിയമസഭാംഗം എന്ന റെക്കോര്‍ഡ് ഗൗരിയമ്മയുടെ പേരിലായിരുന്നു. ഇപ്പോള്‍ വി. എസ്. അച്യുതാനന്ദനും. ഏറ്റവും അധികം തവണ തെരഞ്ഞെടുക്കപ്പെട്ട റെക്കോര്‍ഡ് ഗൗരിയമ്മയുടെ പേരിലാണ്. തിരുവിതാംകൂര്‍ കൊച്ചി നിയമസഭകളിലും പിന്നീട് കേരളത്തിന്റെ രൂപീകരണത്തോടെ അഞ്ചാം നിയമസഭയിലൊഴികെ ഒന്നുമുതല്‍ പതിനൊന്ന് വരെ എല്ലാ സഭകളിലും അവര്‍ അംഗമായിരുന്നു.
2006 ലും 2011 ലും നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും തോറ്റു. 1957 ലെ ആദ്യ മന്ത്രിസഭയിലെ അംഗങ്ങളില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നതും കെ.ആര്. ഗൗരിയമ്മ മാത്രമാണ്.
മന്ത്രിയായിരുന്ന കെ.പി. വിശ്വനാഥന് പത്തുതവണ മത്സരിക്കുകയും ആറ് തവണ വിജയിക്കുകയും ചെയ്തു. കുന്നംകുളം കൊടകര മണ്ഡലങ്ങളില്‍ ജയിച്ചു.
മുന്‍ മന്ത്രി സി. എഫ്. തോമസ് ചങ്ങനാശേരി മണ്ഡലത്തെയാണ് ഒമ്പത് തവണയായി പ്രതിനിധികരിക്കുന്നത്. മന്ത്രി ആര്യാടന് മുഹമ്മദ് 1977 മുതല്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് വിജയിക്കുന്നത്. ഏഴ് തവണയിലധികം തുടര്‍ച്ചയായി മത്സരിക്കുന്ന നേതാക്കള്‍ അനവധിയാണ്. മിക്കവരും ഒന്നോ രണ്ടോ തവണയെങ്കിലും മണ്ഡലം മാറിയിട്ടുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: