തിരുവനന്തപുരം: അരുവിക്കര മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സിനിമാ സംവിധായകന് രാജസേനന് ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നിരവധി സിനിമകളില്‍ വിവിധ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ആക്ഷനും കട്ടുമൊക്കെ പറഞ്ഞിട്ടുള്ള രാജസേനന് തന്റെ രാഷ്ട്രീയ ജിവിതത്തിലെ കന്നി മത്സരത്തിനുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന് റീടേക്ക് വേണ്ടിവന്നില്ല.
കളക്ട്രേറ്റിലെ അസിസ്റ്റന്റ് ഡെവലപ്മെന്റ് ഓഫീസര്‍ ജോണ്സണ് പ്രേംകുമാറിന്റെ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികകളാണ് രാജസേനനുവേണ്ടി സമര്‍പ്പിച്ചത്. രാവിലെ പേട്ടയില്‍ പത്രാധിപര്‍ കെ. സുകുമാരന്റെയും കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമി പ്രതിമയിലും പുഷാപാര്‍ച്ചന നടത്തിയ ശേഷമായിരുന്നു പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.
ബിജെപി സംസ്ഥാന വക്താവ് അഡ്വ.ജെ.ആര്.പത്മകുമാര്‍, അരുവിക്കര മണ്ഡലം പ്രസിഡന്റ് ശിവജിപുരം ഭുവനചന്ദ്രന്, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് പ്രവീണ്‍കുമാര്‍, തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്മാന് പരുത്തിപ്പള്ളി സുരേന്ദ്രന്, എല്‍ജെപി സംസ്ഥാന പ്രസിഡന്റ് എം.മൊഹബുബ് തുടങ്ങിയവര്‍ പത്രികാ സമര്‍പ്പണത്തിനെത്തിയിരുന്നു.
ചിറയിന്‍കീഴ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ ഡോ.പി.പി വാവയും ഇന്നലെ പത്രിക സമര്‍പ്പിച്ചു. ചിറയിന്‍കീഴ് മണ്ഡലത്തിലെ വരണാധികാരി കിളിമാനൂര്‍ ബിഡിഒ എ.ഫൈസി മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ബിജെപി ദക്ഷിണ മേഖല ഉപാദ്ധ്യക്ഷന്‍ തോട്ടയ്ക്കാട് ശശി, ചിറയിന്‍കീഴ് മണ്ഡലം സെക്രട്ടറി സാബു, ബിഡിജെഎസ് മണ്ഡലം സെക്രട്ടറി ആഴൂര്ബിജു, അനില്‍രാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വാമനപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആര്.വി. നിഖിലും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ നെല്ലനാട് പഞ്ചായത്ത് ഭരണസമിതിയുടെ സ്വജനപക്ഷപാതത്തിനെതിരെയുള്ള ബിജെപിയുടെ സമരത്തില്‍ പങ്കെടുത്തശേഷമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ വാമനപുരം ബ്ലോക്ക് ഓഫീസില്‍ എത്തിയത്. ബിഡിഒ ബീനാകുമാരിക്കു മുന്നിലാണ് പത്രിക സമര്‍പ്പിച്ചത്. ബിഡിജെഎസ് വാമനപുരം മണ്ഡലം പ്രസിഡന്റ് പാങ്ങോട് വി.ചന്ദ്രന്, ബിജെപി മണ്ഡലം പ്രസിഡന്റ് എം.ആര് ചന്ദ്രന്, ഹിന്ദുഐക്യവേദി ജില്ലാ രക്ഷാധികാരി കോലിയക്കോട് മോഹനന്, ചീഫ് ഇലക്ഷന് ഏജന്റ് അഡ്വ.ഐക്കര അനില്‍കുമാര്‍ എന്നിവരും നിഖിലിനോടൊപ്പം പത്രികാ സമര്‍പ്പണത്തിനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: