അദ്ധ്യായം -19
”ഇന്നു നാം ഏഴാം അദ്ധ്യായത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഇതിന് ഒരു പ്രത്യേകതയുണ്ട്. ഭഗവാന് മാത്രം സംസാരിക്കുന്നു; അര്ജ്ജുനന് ശ്രദ്ധാപൂര്‍വം കേട്ടിരിക്കുകയും ചെയ്യുന്നു.
മുപ്പതു ശ്ലോകങ്ങളുള്ള ഈ അദ്ധ്യായത്തിനു ”ജ്ഞാന വിജ്ഞാനയോഗം” എന്നാണ് പേര്. വേറെ നാലദ്ധ്യായങ്ങളിലും കൂടി (9, 13, 15, 16) ഇതുപോലെ ചോദ്യങ്ങളൊന്നുമില്ലാതെ അര്ജ്ജുനന് കേവലം കേള്‍വിക്കാരനായി ഇരിക്കുന്നതു കാണാം.”
”അര്ജ്ജുനന് ചോദിക്കുന്നില്ലെങ്കില്‍ വേണ്ട; ഞങ്ങള്‍ക്കു മുത്തച്ഛനോടു ചോദിക്കാമല്ലോ” ഉണ്ണി പറഞ്ഞു.
”ഓ! എനിക്കറിയുന്നതുപോലെ, കഴിയുന്നതുപോലെ പറഞ്ഞുതരാം. വിശദമായിട്ടൊന്നും വയ്യ. ആട്ടെ, എന്താ ചോദ്യം?”
”ജ്ഞാനവിജ്ഞാന യോഗമെന്നതു അത്ര പിടികിട്ടുന്നില്ല മുത്തച്ഛാ” ഉമ നിസ്സഹായതയോടെ പറഞ്ഞു.
”എത്രയൊക്കെ പഠിച്ചാലും ശ്രമിച്ചാലും കുറച്ചൊക്കെയേ നമുക്കു പിടികിട്ടൂ മോളേ. ”നാമിങ്ങറിയുവതല്പം, എല്ലാം/ ഓമനേ ദൈവസങ്കല്പ്പം.” എന്ന മഹാകവി കുമാരനാശാന്റെ രണ്ടുവരികളാണ് എന്റെ മനസ്സില്‍ ഓടിയെത്തുന്നത്.
”ഈശ്വരതത്ത്വത്തേയും ഭക്തിയേയും കുറിച്ചാണ് ഭഗവാന് ഇവിടം മുതല്‍ പറയുന്നത്. ജ്ഞാനമെന്നാല് ശാസ്ത്രീയമായ അറിവാണ്. വിജ്ഞാനമാകട്ടെ, അനുഭവംകൊണ്ടുള്ള അറിവും. ഇവ രണ്ടും നിനക്കു ഞാന്‍ നല്‍കാമെന്നു ഭഗവാന് പറയുന്നു. അതില്‍ പ്രധാനപ്പെട്ട ചില ശ്ലോകങ്ങള്‍ മാത്രം സൂചിപ്പിക്കാം:
ഭൂമിരാപാനലോ വായു:
ഖം മനോ ബുദ്ധിരേവ ച
അഹങ്കാര ഇതീയം ച
ഭിന്നാ പ്രകൃതിരഷ്ടധാ. 7-4
എട്ടുഭാഗങ്ങളോടുകൂടിയതാണ് എന്റെ സ്വരൂപം. ഭൂമി, ജലം, അഗ്നി, വായു, ആകാശം (ഖം), മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിവയാണു ഭഗവാന്റെ എട്ട് അംശങ്ങള്‍. ഈശ്വരന് പ്രകൃതിയില്‍ നിറഞ്ഞുനില്ക്കുന്നു; ഒപ്പം മനുഷ്യന് ഉള്‍പ്പെടെയുള്ള സകലജീവജാലങ്ങളിലും നിറഞ്ഞുനില്ക്കുന്നു എന്നാണ് ഇതിന് അര്‍ത്ഥമെടുക്കേണ്ടത്. എത്ര ശാസ്ത്രീയമാണ്, ബൃഹത്താണ് ഈശ്വരസങ്കല്‍പ്പം എന്നോര്ത്തുനോക്കൂ. വിശദീകരിച്ചാല്‍ ഇപ്പൊഴൊന്നും തീരില്ല!
മത്തഃ പരതരം നാന്യല്‍
കിഞ്ചിദസ്തി ധനഞ്ജയ;
മയിസര്വമിദം പ്രോതം
സൂത്രേ മണിഗണാ ഇവ. 7-7
ഹേ, അര്‍ജ്ജുനാ! എന്നില്നിന്നപ്പുറത്തായി യാതൊന്നുമില്ല. മുത്തുമാലയിലെ മണികള്‍ എന്നപോലെ സകലവും ഞാനാകുന്ന ചരടില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു എന്ന അലങ്കാരഭംഗി ശ്രദ്ധേയമാണ്. മുത്തുമാലയുടെ മനോഹാരിത ആസ്വദിക്കുന്നവര്‍ അകത്തുള്ള ചരടു കാണുന്നില്ലല്ലോ. മാത്രമല്ല, ഓര്‍ക്കുന്നു പോലുമില്ല!
ആയിരങ്ങളില്‍ ഒരാളാണ് (മനുഷ്യാണാം സഹസ്രേഷു) എന്നെ അന്വേഷിക്കുന്നത്. അങ്ങനെ അന്വേഷിക്കുന്ന അനേകായിരം പേരില്‍ ഒരാള്‍ എന്നെ കണ്ടെത്തുന്നു. അസുരസ്വഭാവികള്ക്കതിന് തോന്നുകയേ ഇല്ല. മുഖ്യമായും നാലുതരക്കാരാണ് എന്നെ ഭജിക്കുന്നതെന്നു ഭഗവാന് പറയുന്നു:
ചതുര്‍വിധാ ഭജന്തേ മാം
ജനാഃ സുകൃതിനോര്ജ്ജന
ആര്‍ത്തോ ജിജ്ഞാസുരത്ഥാര്ത്ഥീ
ജ്ഞാനീ ച ഭരതര്‍ഷഭ. 7-18
ആര്ത്തന്മാര്-ദുഃഖിതന്മാര്-എന്നെ ഭജിക്കുന്നു. ജ്ഞാനതൃഷ്ണയുള്ളവരും (ജിജ്ഞാസു) ധനം സമ്പാദിക്കാന്‍ കൊതിപൂണ്ടവരും (അര്ത്ഥാര്ത്ഥീ) എന്നെ ഭജിക്കുന്നു; കൂടാതെ ജ്ഞാനിയായവനും. ഇവരില്‍ ജ്ഞാനിയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവന്. എങ്കിലും താന്‍ പക്ഷഭേദം കാട്ടാറില്ലെന്നു കൂടി ഭഗവാന് പറയുന്നുണ്ട്.
യോ യോ യാം യാം തനും ഭക്തഃ
ശ്രദ്ധയാര്ച്ചിതുമിച്ഛതി,
തസ്യ തസ്യാചലാം ശ്രദ്ധാം
താമേവ വിദധാമ്യഹം. 7-21
പലരും പല രൂപത്തിലുള്ള ദേവന്മാരെയോ ദേവിമാരെയോ ഭജിക്കുന്നുണ്ട്. എങ്കിലും ശ്രദ്ധയോടുകൂടി ഭജിക്കുന്ന അവരുടെ വിശ്വാസങ്ങള്ക്കിളക്കം തട്ടാതെയും, അവര്‍ ഇഷ്ടപ്പെടുന്ന രൂപത്തിലും ഞാന്‍ അവരെ അനുഗ്രഹിക്കുന്നു എന്നാണ് ഭഗവാന്റെ വെളിപ്പെടുത്തല്‍.
പാമ്പിന്റെ രൂപത്തിലോ പോത്തിന്റെ രൂപത്തിലോ പ്രാര്‍ത്ഥിച്ചുകൊള്ളൂ, ആ രൂപത്തില്‍ തന്നെ ഭഗവാന് പ്രത്യക്ഷപ്പെടുമെന്ന് സാരം. ഗീതയില്‍ ഇങ്ങനെ പറയുന്ന കാലത്ത് യേശുവിന്റെയോ അള്ളാവിന്റെയോ ആള്ക്കാര് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഉണ്ട്. അവര്‍ക്ക് യേശുവിന്റെയും അള്ളാവിന്റെയും രൂപത്തില്‍ അനുഗ്രഹം നല്‍കുന്നതും ഭഗവാന് തന്നെയാണ്. അതായത്, പരമമായ ഈശ്വരചൈതന്യം ഒന്നേയുള്ളൂ എന്നും വേര്‍തിരിച്ചു കണ്ട് ആരും പരസ്പരം വെറുക്കേണ്ടതില്ല എന്നുമാണ് അര്‍ത്ഥം.
”ഭഗവദ്ഗീതയിലൂടെ ഭഗവാന് നല്കുന്ന ഈ സന്ദേശവും ഉറപ്പും ശരിയാംവിധം മനസ്സിലാക്കിയാല്‍, ലോകത്തില്‍ മതങ്ങള്‍ തമ്മില്‍, മനുഷ്യര്‍ തമ്മില്‍ യുദ്ധവും രക്തച്ചൊരിച്ചിലും ഉണ്ടാകുമോ കുട്ടികളേ?”
”ഇല്ല മുത്തച്ഛാ! മനുഷ്യര്‍ പലതാണ്; ഈശ്വരന്മാരെല്ലാം ഒന്നാണ് എന്ന് ഞങ്ങള്‍ക്കു ബോധ്യമായിരിക്കുന്നു. മനുഷ്യരും ഈശ്വരന്മാരെപ്പോലെയായെങ്കില് എന്നു ഞങ്ങള്‍ ആശിച്ചു പോകുന്നു” ഉണ്ണി പറഞ്ഞു.
”നിങ്ങളുടെ പ്രാര്‍ത്ഥന ഈശ്വരന് കേള്‍ക്കുമാറാകട്ടെ!” മുത്തച്ഛന് ആശീര്‍വാദത്തിന്റെ മട്ടിലും പറഞ്ഞു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: