കോഴിക്കോട്: ഇരുമുന്നണികളും വടകരക്ക് സമ്മാനിച്ചത് വികസന മുരടിപ്പ് മാത്രമാണെന്ന് എന്‍ഡിഎ വടകര മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. എം. രാജേഷ്കുമാര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 വര്‍ഷക്കാലം മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎല്‍എ വീണ്ടും വികസനത്തിന് വേണ്ടിയാണ് വോട്ടു ചോദിക്കുന്നത്. ഇതില്‍ 10 വര്‍ഷക്കാലം പ്രതിപക്ഷത്തിനൊപ്പവും 5 വര്ഷക്കാം ഭരണപക്ഷത്തിനൊപ്പവുമായിരുന്നു അദ്ദേഹം. കഴിഞ്ഞ കാലങ്ങളിലൊന്നും നടപ്പാക്കാന്‍ കഴിയാത്ത വികസനം ഇനി എങ്ങനെ അദ്ദേഹത്തിന് മണ്ഡലത്തില്‍ കൊണ്ടുവരാന്‍ സാധിക്കും. ഒരു മുന്നണിയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചവര്‍ രണ്ടു ചേരികളായി തിരിഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടുന്ന കാഴ്ചയാണ് വടകരയിലുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ജനതാദള്‍ നേതാവുമായ സി.കെ. നാണുവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ജെഡിയു ജില്ലാ പ്രസിഡന്റുമായ മനയത്ത് ചന്ദ്രനും രണ്ടു ചേരികളിലായി വേര്‍പിരിഞ്ഞെന്ന് മാത്രം. ഇവര്‍ പ്രതിനിധീകരിക്കുന്ന ഇരുമുന്നണികളും സ്വീകരിച്ച നയങ്ങളാണ് വികസന മുരടിപ്പിന് കാരണമായത്.
വിദ്യാഭ്യാസമേഖലയില്‍ ഒരു മാറ്റവും കൊണ്ടുവരാന്‍ നിലവിലെ എംഎല്‍എക്കായിട്ടില്ല. 1950ല്‍ മടപ്പള്ളി കോളജ് വന്നതിനുശേഷം 1980ല്‍ മോഡല്‍ പോളിടെക്നിക് മാത്രമാണ് വന്നത്. ഇതിനപ്പുറത്തേക്ക് ഒരു സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും വടകരയില്‍ കൊണ്ടുവരാനായിട്ടില്ല. എന്നാല്‍ സ്വകാര്യ മേഖലയില്‍ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. കോഴിക്കോട് ജില്ലക്ക് പുതുതായി അനുവദിച്ച കേന്ദ്രീയ വിദ്യാലയം വടകരയിലേക്ക് കൊണ്ടുവരാന്‍ ശ്രമം പോലും നടത്തുന്നില്ല. വടകര നഗരത്തില്‍ രൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ഇത് പരിഹരിക്കാന്‍ പോലും സംവിധാനങ്ങളില്ല. മാലിന്യ നിര്‍മ്മാര്‍ജ്ജനമുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയില്ലാതായിരിക്കുകയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളും നെയ്ത്ത് തൊഴിലാളികളുമെല്ലാം അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്ന നിലപാടാണ് ഇരുമുന്നണികളും സ്വീകരിച്ചത്. വരുന്ന തെരഞ്ഞെടുപ്പില്‍ ഇതിനെല്ലാം എതിരായി ജനം വിധിയെഴുതും. എന്‍ഡിഎക്ക് അനുകൂലമാണ് ജനവിധിയെങ്കില്‍ വടകരയെ എഡ്യുക്കേഷന്‍ ഹബ്ബാക്കി മാറ്റുമെന്നും രാജേഷ്കുമാര്‍ പറഞ്ഞു. കുടിവെള്ള പ്രശ്നങ്ങളും മാലിന്യപ്രശ്നങ്ങളും പരിഹരിക്കാന്‍ അടിയന്തരമായി നടപടി കൈക്കൊള്ളും. പരമ്പരാഗത തൊഴിലാളികള്‍ക്കായി പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി വികസനരേഖ പുറത്തിറക്കാന്‍ തയ്യാറുണ്ടോയെന്നും രാജേഷ്കുമാര്‍ സംവാദത്തില്‍ പങ്കെടുത്ത സി.കെ. നാണു എംഎല്‍എയോട് ചോദിച്ചു.
എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനായെന്ന് സി.കെ. നാണു എംഎല്‍എ അവകാശപ്പെട്ടു. ഇന്‍ഡോര്‍ സ്റ്റേഡിയവും റോഡുകളുമെല്ലാം ഇതിന് ഉദാഹരണമാണ്. കൊലപാതക രാഷ്ട്രീയത്തെ താനും തന്റെ പാര്‍ട്ടിയുടെ മുന്നണിയും അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പല തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പേരുവന്നെങ്കിലും ഇപ്പോഴാണ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധിച്ചതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രന് അഭിപ്രായപ്പെട്ടു. നിലവില്‍ ഏറ്റെടുത്ത ചുമതലകളെല്ലാം കൃത്യമായി നിര്‍വഹിച്ച തനിക്ക് വടകരയിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും മനയത്ത് ചന്ദ്രന് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള ജനവികാരം പ്രതിഫലിപ്പിക്കുമെന്ന് വടകര മണ്ഡലം ആര്‍എംപി സ്ഥാനാര്‍ത്ഥിയായ കെ.കെ. രമ തന്റെ സന്ദേശത്തില്‍ പറഞ്ഞു. രാഷ്ട്രീയ അസഹിഷ്ണുതക്കും എതിരെയായിരിക്കും ഈ ജനവിധി. ജനങ്ങളുടെ പ്രതിഷേധമായിരിക്കും ജനങ്ങളുടെ തീരുമാനത്തിലൂടെ പുറത്തുവരികയെന്നും അവരുടെ പ്രസ്താവനയില്‍ പറയുന്നു.കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. വിപുല്‍നാഥ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: