കണ്ണൂര്‍: കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് എബിവിപി ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി വിദൂര വിദ്യാഭ്യാസ വിഭാഗത്തെ കേന്ദ്രീകരിച്ച് നിരവധി പരാതികളാണ് ഉയര്‍ന്ന് വന്നത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം വൈകിപ്പിച്ചത് മുതല്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ പേപ്പറിന്റെ കൗണ്ടര്‍ ഫോയില്‍ നഷ്ടപ്പെട്ട സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചപോലെയാണ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലത്തില്‍ വ്യാപകമായ തെറ്റുകള്‍ ഉണ്ടായിരിക്കുന്നത്. യൂനിവേഴ്‌സിറ്റി അധികൃതര്‍ വളരെ ലാഘവത്തോടെയാണ് വിദ്യാര്‍ത്ഥികളുടെ ഭാവിയെ കാണുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും എബിവിപി ജില്ലാ കണ്‍വീനര്‍ കെ.കെ.അമല്‍ ചൂണ്ടിക്കാട്ടി. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ തിരുത്തിയില്ലെങ്കില്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അണിനിരത്തി വരും ദിവസങ്ങളില്‍ പ്രക്ഷേഭ പരിപാടി സംഘടിപ്പിക്കുമെന്നും അമല്‍ പറഞ്ഞു.
















