കണ്ണൂര്‍: തെരഞ്ഞെടുപ്പ് നടപടികള്‍ സുഗമമായി നടത്തുന്നതിന് കലക്ടറേറ്റിന്റെ 50 മീറ്റര്‍ ചുറ്റളവില്‍ ക്രിമിനല്‍ നടപടിചട്ടം 144 (1), (2), (3) വകുപ്പ് പ്രകാരം ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഏപ്രില്‍ 23 വൈകിട്ട് 6 മണിമുതല്‍ മെയ് 19ന് വൈകിട്ട് 6 മണിവരെയാണ് നിരോധന ഉത്തരവ്. ജില്ലാ ഇലക്ഷന് ഓഫീസറുടെയും ഒമ്പത് വരണാധികാരികളുടെയും ഓഫീസും ജില്ലയിലെ തെരഞ്ഞെടുപ്പ് നടപടികളുടെ കേന്ദ്രവും ജില്ലാ കലക്ടറേറ്റാണ്. ഈ പരിസരത്ത് പ്രകടനങ്ങളും മറ്റും ഉണ്ടായാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടാനും സമാധാനപരമായ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് വിഘാതമുണ്ടാകാനും സാധ്യതയുള്ളതിനാലാണ് ഈ നടപടി.
ജാഥ, പ്രകടനം, പൊതുയോഗം, പ്രതിഷേധ പ്രകടനങ്ങള്‍ എന്നിവ നടത്തുന്നതും വാള്, തോക്ക്, വടി തുടങ്ങിയ ആയുധങ്ങള്‍ കൊണ്ടുവരിക, ആയുധങ്ങളായി ഉപയോഗിക്കാവുന്ന കല്ല്, മറ്റ് വസ്തുക്കള്‍ എന്നിവ കൈയില്വെക്കുകയോ ശേഖരിക്കുകയോ ചെയ്യുക, നിയമവിരുദ്ധമായി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുക എന്നിയെല്ലാം നിരോധിച്ചിട്ടുണ്ട്. കലക്ടറേറ്റ് പരിസരത്ത് ഇക്കാലയളവില്‍ പ്രകടനങ്ങള്‍ക്കും യോഗങ്ങള്‍ക്കും മൈക്ക് അനുവാദംനല്കില്ലെന്നും ഉത്തരവിലുണ്ട്. കലക്ടറേറ്റ് പരിസരത്ത് പന്തല്‍, മറ്റ് വസ്തുക്കള്‍ എന്നിവയുണ്ടെങ്കില്‍ നീക്കം ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: