കെ.സതീശന്
കണ്ണൂര്‍: കേരളത്തില്‍, പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം നടത്തിയ കിരാതമായ അക്രമങ്ങള്‍ക്ക് എന്നും കോണ്‍ഗ്രസ്സിന്റെ ഒത്താശയും മൗനാനുവാദവുമുണ്ടാകാറുണ്ട്. ഭരണത്തിലിരിക്കുമ്പോഴും പ്രതിപക്ഷത്തായാലും ആര്‍എസ്എസ്സ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ്സിന്റെ അദൃശ്യകരങ്ങളുണ്ടാകും. ഭരണത്തിലിരിക്കുമ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങൡല കേസുകള്‍ അട്ടിമറിക്കാനും യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനും കോണ്‍ഗ്രസ്സ് സിപിഎമ്മിനെ സഹായിക്കാറുണ്ട്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമത്തെ അപലപിക്കാതെ നിശബ്ദദ പാലിക്കാനും കോണ്‍ഗ്രസ്സ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. കേരളത്തിനകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ കെ.ടി.ജയകൃഷ്ണന് മാസ്റ്ററുടെ കൊലപാതകവും തുടര്‍ന്നുള്ള അന്വേഷണവും പരിശോധിച്ചാല്‍ തന്നെ കോണ്‍ഗ്രസ്സ്-സിപിഎം ഒത്തുകളി മനസ്സിലാകും. അന്വേഷണ ഉദ്യോഗസ്ഥരില്‍ ചിലര്‍ ചേര്‍ന്ന് ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസ് അട്ടിമറിക്കുകയായിരുന്നുവെന്ന് കോടതി തന്നെ കണ്ടെത്തിയെങ്കിലും മാറി മാറി വന്ന ഇടത് വലത് സര്‍ക്കാരുകള്‍ തുടരന്വേഷണത്തിന് വിമുഖത കാണിക്കുകയായിരുന്നു. കേസില്‍ തുടരന്വേഷണം വേണമെന്ന് ജയകൃഷ്ണന് മാസ്റ്ററുടെ ബന്ധുക്കള്‍ നിരന്തരമായി സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. ഒടുവില്‍ ജയകൃഷ്ണന്മാസ്റ്ററുടെ അമ്മ തന്നെ തിരുവനന്തപുരത്തെത്തി തന്റെ മകന്റെ കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സിബിഐ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടു. കേസില്‍ തുടരന്വേഷണത്തിന് ആവശ്യമായ നടപടിയെടുക്കുമെന്നും കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഉറപ്പ് നല്കിയ മുഖ്യമന്ത്രി തുടര്‍ നടപടികളൊന്നും സ്വീകരിച്ചില്ല. കേസില്‍ തുടരന്വേഷണം നടന്നാല്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ അഴിക്കുള്ളിലാകുമെന്ന് മറ്റാരെക്കാളും വ്യക്തമായ ധാരണയുള്ള മുഖ്യമന്ത്രി തുടര്‍ന്ന് യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല.
ഹിന്ദു ഐക്യവേദി നേതാവായിരുന്ന ഇരിട്ടി പുന്നാട്ടെ അശ്വനികുമാറിന്റെ കൊലപാതകക്കേസിന്റെ അന്വേഷണം അട്ടിമറിച്ചതിന് പിന്നിലും കോണ്‍ഗ്രസ്സ്- ലീഗ് കൂട്ടുകെട്ടിന് നിര്‍ണ്ണായകമായ പങ്കുണ്ട്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല. അറസ്റ്റിലായ പ്രതികളാകട്ടെ ജാമ്യത്തില്‍ പുറത്തിറങ്ങിക്കഴിഞ്ഞു. അശ്വനി കുമാറിന്റെ കേസിലെ പ്രതികളില്‍ ഒരാള്‍ നാറാത്ത് ആയുധ പരിശീലനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ ജയിലിലുമാണ്. അശ്വനികുമാര്‍ വധക്കേസ് അട്ടിമറിച്ചത് പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ജില്ലയിലെ ഒരു പ്രമുഖ കോണ്‍ഗ്രസ്സ് നേതാവാണ്. ബിഎംഎസ് നേതാവ് പയ്യോളി മനോജ് വധക്കേസിന്റെ അന്വേഷണം അട്ടിമറിക്കുന്നതില്‍ സിപിഎം-കോണ്‍ഗ്രസ്സ് ധാരണ ഏറെ പരസ്യമായ കാര്യമാണ്. സിപിഎമ്മുകാര്‍ പ്രതികളായ തളിപ്പറമ്പ് അരിയിലെ മുസ്ലീം ലീഗ് പ്രവര്ത്തന് ഷുക്കൂര്‍, പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് തലശ്ശേരിയിലെ ഫസല്‍ വധക്കേസുകളില്‍ സിപിഎമ്മിനെ സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ്സ് സ്വീകരിച്ചത്. സിപിഎമ്മുകാര്‍ പ്രതികളായ കേസുകളില്‍ അന്വേഷണം അട്ടിമറിക്കാന്‍ മാത്രമല്ല അക്രമം ഉയര്‍ത്തിക്കാട്ടി നേട്ടം കൊയ്യാനും കോണ്‍ഗ്രസ്സ് എന്നും ശ്രമിച്ചിരുന്നു. അക്രമം നടക്കുമ്പോള്‍ സമാധാന സന്ദേശവുമായി രംഗത്തെത്തുന്ന കോണ്‍ഗ്രസ്സ് നേതൃത്വം അണിയറയില്‍ സിപിഎമ്മുമായി സന്ധിചെയ്താണ് എപ്പോഴും പ്രവര്‍ത്തിച്ച് പോന്നത്. സിപിഎം കാലങ്ങളായി നടത്തുന്ന അക്രമങ്ങളോട് കോണ്‍ഗ്രസ്സ് നേതൃത്വം കാണിച്ച മൃദുസമീപനമാണ് കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മിനകത്ത് നിരവധി ക്രിമിനല്‍ നേതാക്കളെ സൃഷ്ടിച്ചത്. അക്രമത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നതാണ് വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: